അടപടലം തകർന്നു; ജാർഖണ്ഡിൽ ഇന്ത്യ സഖ്യം വിജയിച്ചിട്ടും ആഘോഷിക്കാനാകാതെ കോൺഗ്രസ്
ഡൽഹി: ജാർഖണ്ഡിൽ ആശ്വാസ വിജയം നേടിയെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കാര്യമായ വിജയങ്ങൾ അവകാശപ്പെടാനില്ലാതെ കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. മറുവശത്ത് ബി ജെ പിയാകട്ടെ തെറ്റുകൾ തിരുത്തി മഹാരാഷ്ട്രയിലടക്കം അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
99 സീറ്റുകളായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത്. പാർട്ടിയുടെ വമ്പൻ തിരിച്ചുവരവായി ഇത് വിലയിരുത്തപ്പെട്ടു. ബി ജെ പിയുടെ കോട്ടകളിൽ ഒന്നായ മഹാരാഷ്ട്രയിൽ അടക്കം മിന്നുന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ചവെച്ചത്. എന്നാൽ നിയസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുന്നതായിരുന്നു കാഴ്ച. മഹായുതി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ വിലപേശി വാങ്ങിയിട്ടും 30 ഓളം സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. 132 ഓളം സീറ്റുകളാണ് ഇവിടെ ബി ജെ പി തനിച്ച് നേടിയത്.

ജാർഖണ്ഡിൽ ജെ എം എമ്മിന്റെ തോളിലേറിയാണ് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ വിജയം. കോൺഗ്രസിന് ഇവിടെ വെറും 15.49 ശതമാനം വോട്ടുകളാണ് നേടാനായത്. 23.23 ശതമാനം വോട്ടുകൾ ജെ എം എമ്മിന് ലഭിച്ചു. എന്നാൽ തനിച്ച് 33 ശതമാനത്തോളം വോട്ടുകൾ പിടിക്കാൻ ഇവിടെ ബി ജെ പിക്ക് സാധിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന ജമ്മുകാശ്മീർ, ഹരിയനാ നിയമസഭ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജമ്മുവിൽ ഇന്ത്യ സഖ്യത്തിന്റെ വലിയ വിജയം ആഘോഷിക്കപ്പെട്ടപ്പോഴും കോൺഗ്രസിന് അവിടെ കനത്ത അടിയാണ് നേരിട്ടത്. 10 വർഷത്തിന് മുൻപ് 12 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ആകെ ലഭിച്ചത് 6 സീറ്റുകൾ. ബി ജെ പിയെ പുറത്താക്കാൻ ജമ്മുവിൽ കോൺഗ്രസ് കൂടുതൽ വിട്ടുവീഴ്ചകൾ നടത്തിയെന്നും അധികം സീറ്റുകളിൽ മത്സരിച്ചിട്ടില്ലെന്നുമായിരുന്നു തോൽവിയെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് മറുപടി.
ഹരിയാനയിൽ സമീപകാലത്തെ ഏറ്റവും വലിയ തിരച്ചടികളിലൊന്നാണ് കോൺഗ്രസ് നേരിട്ടത്. നിയമസഭയിലേക്ക് കോൺഗ്രസ് തിരിച്ചുവരുമെന്ന് എക്സിറ്റ് പോളുകൾ ഒന്നടങ്കം പ്രവചിച്ചിട്ടും നിലംതൊടാൻ പോലും കോൺഗ്രസിന് സാധിച്ചില്ല. പാർട്ടിയിലെ തമ്മിൽ തല്ലും വിമതശല്യവും കോൺഗ്രസിന്റെ അടിവേരിളക്കുന്നതായിരുന്നു കാഴ്ച. പതിവ് പോലെ തന്നെ കനത്ത പരാജയങ്ങൾ പരിശോധിക്കുമെന്നും തിരുത്തുമെന്നും നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ ബി ജെ പി നടത്തുന്ന ഹേം വർക്ക് ഇനിയെങ്കിലും കോൺഗ്രസിന് നടത്താൻ സാധിച്ചില്ലെങ്കിൽ രക്ഷപ്പെടാൻ ആകുമെന്ന് നേതൃത്വം പ്രതീക്ഷവെയ്ക്കുന്നത് വിഡ്ഢിത്തമായിപ്പോകും.












Click it and Unblock the Notifications