പഞ്ചാബില്‍ അവസാനിക്കാതെ രാജി, മൂന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എഎപിയില്‍, ഇടഞ്ഞ് തിവാരി
ദില്ലി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി നേതാക്കള്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. അമൃത്സര്‍ യൂണിറ്റിന്റെ ഭാഗമായ നിരവധി പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. മൂന്ന് കൗണ്‍സിലര്‍മാര്‍ കൂടി കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അമൃത്സറിലെ സിറ്റിംഗ് കൗണ്‍സിലര്‍മാരായ പ്രിയങ്ക ശര്‍മ, മന്‍ദീപ് അഹൂജ, ഗുര്‍ജീത്ത് കൗര്‍ എന്നിവരാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അമൃത്സര്‍ മേയര്‍ കരംജിത്ത് സിംഗ് റിന്‍ടു കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നത്. തുടര്‍ച്ചയായി വേരോട്ടമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ആകെ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ നയിച്ചിരിക്കുന്നത്. താന്‍ പാര്‍ട്ടിയില്‍ ശ്വാസം മുട്ടുകയായിരുന്നുവെന്ന് റിന്‍ടു പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിലവില്‍ സംസ്ഥാനത്ത് കടുത്ത പ്രതിരോധത്തിലാണ്. എഎപി വന്‍ മുന്നേറ്റത്തിലാണെന്ന് സര്‍വേകളും പ്രവചിക്കുന്നു. എഎപി സംസ്ഥാനത്ത് ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിന് കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ല എന്നതാണ് വലിയ പ്രശ്‌നം.
കോണ്‍ഗ്രസിലാണെങ്കില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കുകയാണ്. നവജ്യോത് സിംഗ് സിദ്ദു പ്രചാരണത്തിനായി വരാന്‍ പോലും തയ്യാറായിട്ടില്ല. അമൃത്സര്‍ മേഖലയില്‍ മാത്രമായി അദ്ദേഹത്തിന്റെ പ്രചാരണം ഒതുങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി സിദ്ദു എത്തിയെങ്കിലും പ്രസംഗിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനൊപ്പം മണല്‍ മാഫിയ ബന്ധം അടക്കമുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാറും ഇതിനിടെ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന് ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് അശ്വനി കുമാര്‍ ആരോപിച്ചിരുന്നു.
അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ രീതി ശരിയായില്ലെന്നും, അദ്ദേഹത്തെ അപമാനിച്ചെന്നും അശ്വനി കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം എഎപി പഞ്ചാബ് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് എംപി മനീഷ് തിവാരി നേതൃത്വത്തിന്റെ ചില വാക്കുകള്‍ തള്ളി രംഗത്ത് വന്നു. തലപ്പാവ് ധരിച്ചത് കൊണ്ട് ആരും സര്‍ദാര്‍ ആവില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, അരവിന്ദ് കെജ്രിവാളിനെയും ഉദ്ദേശിച്ചായിരുന്നു പരാമര്‍ശം. തലപ്പാവ് പഞ്ചാബ് ജനതയുടെ അഭിമാനമാണ്. അത് ധരിക്കുന്നതില്‍ ഒരു രാഷ്ട്രീയവും പാടില്ലെന്നും മനീഷ് തിവാരി പറഞ്ഞു.












Click it and Unblock the Notifications