ഇടതുപാര്‍ട്ടികളെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസ്.... ബംഗാളില്‍ തൃണമൂലിനെയും ബിജെപിയെയും നേരിടണം!!
ദില്ലി: കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെല്ലാം നിര്‍ണായകമാണ്. അതില്‍ പ്രധാനം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ്. പ്രമുഖ കക്ഷികളെയെല്ലാം ഒപ്പം കൂട്ടി ബിജെപിയെ വീഴ്ത്തുക മാത്രമല്ല, പ്രധാനമന്ത്രി പദവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ജയിക്കുകയാണെങ്കില്‍ ഭരിക്കണം എന്ന വാശിയിലാണ് കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ എങ്ങനെയെങ്കിലും താഴെയിറക്കുക എന്ന ലക്ഷ്യമാണ് പ്രധാനം. അതേസമയം കൈവിട്ടൊരു കളിക്ക് കോണ്‍ഗ്രസ് ഇറങ്ങിയിരിക്കുകയാണ്.
വേറൊന്നുമല്ല ഇടതുപാര്‍ട്ടികളെ ഒപ്പം കൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ദേശീയ തലത്തില്‍ അപ്രഖ്യാപിത സഖ്യവും ബംഗാളില്‍ പരസ്യമായ സഖ്യവുമായിരിക്കുമിത്. നേരത്തെ ഒന്നാം യുപിഎ സര്‍ക്കാരില്‍ സുപ്രധാന സഖ്യകക്ഷിയായിരുന്നു സിപിഎം. കോണ്‍ഗ്രസിന്റെ കാലത്തെ ഏറ്റവും മികച്ച സര്‍ക്കാരെന്ന ഖ്യാതിയും ഒന്നാം യുപിഎയ്ക്കുണ്ടായിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കാനാണ് നീക്കം.

മമതയ്ക്കും തൃണമൂലിനുമെതിരെ
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ബംഗാളില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ യോജിച്ച് പ്രവര്‍ത്തിക്കുക എന്ന് മമതയ്ക്ക് രാഹുല്‍ ഗാന്ധി കൊടുത്ത വാക്ക് പാഴായി പോകും. മൂന്നാം മുന്നണി എന്ന പ്രയോഗം തന്നെ തകരും. ബംഗാളില്‍ തൃണമൂലിനെയും ബിജെപിയെയുമാണ് പ്രധാന ശത്രുക്കളാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നത്. അതേസമയം ഇവരോടൊപ്പം മറ്റ് ഇടത്പാര്‍ട്ടികളും ചേരുമെന്നാണ് സൂചന.

ദേശീയ നേതൃത്വത്തിന്റെ പിന്തുണ
രാഹുല്‍ വലിയൊരു നീക്കമാണ് എടുത്തിരിക്കുന്നതെന്നാണ് സൂചന. ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളോട് ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കാന്‍ രാഹുല്‍ സമ്മതം നല്‍കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ വോട്ട് ചോരുന്നതടക്കമുള്ള കാര്യത്തില്‍ രാഹുല്‍ കാര്യമായി ചിന്തിക്കേണ്ടി വരും. ഇത് ബിജെപിക്ക് ഗുണം ചെയ്യും. അങ്ങനെ വന്നാല്‍ പ്രതിപക്ഷ ഐക്യം തകരുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ ഈ നീക്കം മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചൊടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തൃണമൂലുമായും സഖ്യം ആവാം
കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഇടതുപാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര, അബു ഹാസെം ഖാന്‍ എന്നിവര്‍ ഈ അഭിപ്രായത്തെ എതിര്‍ത്തിട്ടുണ്ട്. ഇവര്‍ പറഞ്ഞത് തൃണമൂലുമായി സഖ്യം ആവാമെന്നാണ്. ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം രാഷ്ട്രീയമായി വന്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ഇതോടെ സംസ്ഥാന ഘടകത്തില്‍ വലിയ പൊട്ടിത്തെറി ഉണ്ടാവാനാണ് സാധ്യത.

21 നിര്‍ദേശങ്ങള്‍
തൃണമൂല്‍-ബിജെപി ശക്തികളെ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനായി 21 ഇന നിര്‍ദേശങ്ങളാണ് സംസ്ഥാന ഘടകം ദേശീയ ഘടകത്തിന് കൈമാറിയിരിക്കുന്നത്. ഇതിന് ദേശീയ നേതൃത്വം ഉടന്‍ മറുപടി നല്‍കും. ഈ സഖ്യം ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപിയും തൃണമൂലും തമ്മില്‍ രഹസ്യ ധാരണ സംസ്ഥാനത്തുണ്ടെന്നും അതുകൊണ്ട് അവരുമായി ചേരാതിരിക്കുന്നതുമാണ് നല്ലതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഫെഡറല്‍ ഫ്രണ്ടിലില്ല
മമതാ ബാനര്‍ജി ഫെഡറല്‍ ഫ്രണ്ടുമായി മുന്നോട്ടുപോകുന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. പ്രധാനമന്ത്രി പദത്തിലുള്ള മോഹം വച്ചാണ് അവരുടെ നീക്കമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പോരാത്തതിന് ബിജെപി, കോണ്‍ഗ്രസ് ഇതര മുന്നണിയാണ് മമത ലക്ഷ്യമിടുന്നത്. അതേസമയം മമത സോണിയാ ഗാന്ധിയെ ദില്ലിയിലെത്തി കാണാനിരിക്കെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്. ഈ കൂടിക്കാഴ്ച്ചയിലെ തീരുമാനം അറിഞ്ഞ ശേഷം റിപ്പോര്‍ട്ട് അയക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.












Click it and Unblock the Notifications