ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്; ഹിമാചലില്‍ നടപ്പാക്കിയോയെന്ന് ബിജെപി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. കേന്ദ്ര സര്‍ക്കാരിനെ നേരത്തെ യുടേണ്‍ സര്‍ക്കാരെന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായി മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കോണ്‍ഗ്രസ് എപ്പോഴാണ് അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുകയെന്ന് പ്രസാദ് ചോദിച്ചു.
പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന പ്രചാരണം കോണ്‍ഗ്രസാണ് നടത്തിയത്. രാഹുല്‍ ഗാന്ധിയോട് എനിക്ക് ചോദിക്കാനുള്ളത് പഴയ പെന്‍ഷന്‍ പദ്ധതി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയോ എന്നാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അവര്‍ക്ക് സ്വന്തം പ്രകടനപത്രികയില്‍ അത് ഉള്‍പ്പെടുത്താന്‍ പോലും ധൈര്യമില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

ഇന്ത്യയെ ഭരിക്കുക എന്നത് ഗൗരവമേറിയ കാര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വോട്ടിനായി എപ്പോഴും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുക. ഇപ്പോള്‍ പൊതുജനത്തിന് അവരുടെ തീരുമാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത പെന്‍ഷന്‍ പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
അതില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും പഴയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്ളത്. അവസാനം ലഭിച്ച ബേസിക് ശമ്പളത്തിന്റെ 50 ശതമാനം വാര്‍ഷിക ആനുകൂല്യമായി ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതി 2004ല്‍ പഴയ വാജ്‌പേയ് സര്‍ക്കാരാണ് കൊണ്ടുവന്നത്.
വാജ്‌പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് കോണ്‍ട്രിബ്യൂട്ടറി സമ്പ്രദായം വന്നത്. സര്‍ക്കാരും അതുപോലെ തൊഴിലാളിയും ഒരുപോലെ പെന്‍ഷന്‍ ഫണ്ടിലേക്ക് പണം നല്‍കുന്ന രീതിയാണിത്. ആ സമയം പ്രതിപക്ഷം ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ തീരുമാനത്തിന് എതിരായിരുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി തന്നെ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു.
പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് പണം നല്‍കേണ്ടതില്ല. പല തൊഴിലാളി സംഘടനകളും ഈ നിയമം തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. ഏകീകൃത പെന്‍ഷന്‍ പദ്ധതി 2025 ഏപ്രിലിലാണ് നിലവില്‍ വരിക. ഇതില്‍ പത്ത് ശതമാനമാണ് തൊഴിലാളികളുടെ വിഹിതം. 18.5 ശതമാനം കേന്ദ്ര സര്‍ക്കാരും വിഹിതമായി നല്‍കും. ഇത് പിന്നീട് വര്‍ധിക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications