ഇനി പോര്; പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ്, കേരളത്തിൽ നിന്ന് ആരൊക്കെ? ആകാംക്ഷ
ദില്ലി: പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ 26 വരെ റായ്പൂരിൽ വെച്ച് നടക്കുമെന്നും വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനമാണിത്.
അതേസമയം പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കടുത്ത പോരാട്ടത്തിനാണ് പാർട്ടിയിൽ കളമൊരുങ്ങിയിരിക്കുന്നത്.

ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് നടന്നത്
1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇങ്ങോട്ട് പ്രവർത്തക സമിതിയിലെ അംഗങ്ങളെ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷനായതോടെ പ്രവർത്തക സമിതിയിലും ഇക്കുറി തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ശക്തമായിരന്നു. തരൂർ അടക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം.

25 അംഗ പ്രവർത്തക സമിതിയിൽ
25 അംഗ പ്രവർത്തക സമിതിയാണ് ഉള്ളത്. പാർട്ടി അധ്യക്ഷൻ, പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്ക് പുറമെ 12 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. ബാക്കി 11 പേരെ പുതിയ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും. തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കടുത്ത മത്സരത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. അപ്രതീക്ഷിതമായ പേരുകൾ പലതും മത്സര രംഗത്ത് ഉണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിൽ നിന്നും ആരൊക്കെ
അതിനിടെ കേരളത്തിൽ നിന്നും ആർക്കൊക്കെ അവസരം ലഭിക്കുമെന്ന് ഉറ്റുനോക്കപ്പെടുന്നത്. ശശി തരൂർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ അംഗത്വത്തിനായുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരത്തിന് താൻ ഇല്ലെന്ന നിലപാട് നേരത്തേ തന്നെ തരൂർ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ നേതൃത്വം നാമ നിർദ്ദേശം ചെയ്യുമെന്നതാണ് തരൂരിന്റെ പ്രതീക്ഷ.

മത്സരത്തിന് തയ്യാറാകുമോ?
പരാജയപ്പെട്ടാലും കൈവിടില്ലെന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്നും സോണിയ ഗാന്ധി ശശി തരൂരിന് ഉറപ്പ് നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ നേതൃത്വത്തിന്റെ മനസിലെന്തെന്ന് വ്യക്തമല്ല. കേരളത്തിൽ നിന്നുള്ള മറ്റ് നേതാക്കൾ മത്സരത്തിന് തയ്യാറാകുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ദേശീയ നേതൃത്വവുമായുള്ള ബന്ധം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ തുടരുകയാണ് ചെന്നിത്തലയും കൊടിക്കുന്നിലും.

കെ സി വേണുപോഗാൽ തുടരുമോ?
നിലനിൽ എകെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ ഉള്ള മലയാളികൾ. എകെ ആന്റണിയും ഉമ്മൻചാണ്ടിയും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാറി നിൽക്കും. ഇവരെ സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തിയേക്കും. അതേസമയം കെസിയുടെ കാര്യത്തിൽ നേതൃത്വം എന്ത് നിലപാടെടുക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.

ഉത്തരേന്ത്യയിൽ നിന്ന്
ഹിന്ദി ഹൃദയഭൂമിയിൽ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കെ സിയെ മാറ്റി അവിടെ നിന്നുള്ള നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി ആക്കമണമെന്ന നിർദ്ദേശം പാർട്ടിയിൽ ഉണ്ട്. കോൺഗ്രസ് അധ്യക്ഷൻ നിലവിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇനി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഉത്തരേന്ത്യയിൽ നിന്ന് വരണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ രാഹുലിന്റെ വലംകൈ ആയ കെസിയെ മാറ്റി നിർത്താനുള്ള സാധ്യത വിരളമാണ്.












Click it and Unblock the Notifications