തെലങ്കാന രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; അസ്ഹറുദ്ദീനടക്കം പട്ടികയില്‍
ന്യൂഡല്‍ഹി: തെലങ്കാനയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 45 പേരാണ് പട്ടികയില്‍ ഉള്ളത്. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ജൂബിലി ഹില്‍സില്‍ നിന്ന് മത്സരിക്കും. ഹൈദരാബാദിലെ ആഡംബര മേഖലയാണിത്. മുന്‍ എംപിയായ മധു ഗൗഡ യക്ഷി ലാല്‍ ബഹാദൂര്‍ നഗറില്‍ നിന്ന് മത്സരിക്കും. ഹുസനബാദില്‍ നിന്ന് പൊന്നം പ്രഭാകറും, ആദിലാബാദില്‍ നിന്ന് കാന്തി ശ്രീനിവാസ് റെഡ്ഡിയും, ഖമാമില്‍ നിന്ന് തുംല നാഗേശ്വര്‍ റാവുവും, മുനുഗോഡെയില്‍ നിന്ന് കെ രാജഗോപല്‍ റെഡ്ഡിയും മത്സരിക്കും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. സോണിയാ ഗാന്ധിയും, സല്‍മാന്‍ ഖുര്‍ഷിദും അടക്കമുള്ള സീനിയര്‍ നേതാക്കളും യോഗത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് 55 പേരുടെ ആദ്യ ഘട്ട പട്ടിക ഒക്ടോബര്‍ പതിനഞ്ചിന് പുറത്തിറക്കിയിരുന്നു.

കോദങ്കലില്‍ നിന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അ ധ്യക്ഷന്‍ രേവന്ത് റെഡ്ഡി മത്സരിക്കുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോദങ്കലില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് മാല്‍ക്കജ്ഗിരിയില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതുവരെ നൂറ് സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തെലങ്കാനയില്‍ മൊത്തം 119 സീറ്റുകളുണ്ട്.
മുനുഗോഡെയില്‍ നിന്ന് മത്സരിക്കുന്ന രാജഗോപാല്‍ റെഡ്ഡി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു റെഡ്ഡി. കെ ചന്ദ്രശേഖര റാവുവിനെതിരെ ഇത്തവണ മികച്ച പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിആര്‍എസ്, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയതും അവര്‍ക്ക് ഗുണകരമായിട്ടുണ്ട്.
സര്‍വേകളില്‍ കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരം പിടിക്കുമെന്ന് പ്രവചിച്ചിരുന്നു. തെലങ്കാന രൂപീകരണത്തിന് ശേഷം സംസ്ഥാനം ഭരിക്കുന്നത് കെസിആറാണ്. 2018ല്‍ 88 സീറ്റ് നേടിയാണ് ബിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് ആകെ 19 സീറ്റാണ് ലഭിച്ചത്.












Click it and Unblock the Notifications