കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ തൃണമൂലില്‍: ഒരു ബട്ടണ്‍ അമർത്തിയാല്‍ 4 എംപിമാരും കൂറുമാറുമെന്ന് അഭിഷേക്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ ഏക കോൺഗ്രസ് നിയമസഭാംഗമായ ബെയ്‌റോൺ ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ടി എം സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ഏക കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റം. ഈ വർഷം ഫെബ്രുവരിയിൽ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയായിരുന്നു ബെയ്റോണ്‍ ബിശ്വാസ് നിയമസഭയില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു.
അതേസമയം, ബെയ്റോണ്‍ ബിശ്വാസിന്റെ പാർട്ടി പ്രവേശനത്തെ ടി എം സി ദേശീയ ജനറൽ സെക്രട്ടറി സ്വാഗതം ചെയ്തു. ബി ജെ പിക്കെതിരെ പ്രവർത്തിക്കാൻ കോണ്‍ഗ്രസ് എം എല്‍ എ ഞങ്ങളോടൊപ്പം ചേർന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം മുർഷിദാബാദിൽ ടി എം സിയുടെ മുന്നണി പോരാളിയായിരിക്കുമെന്നും അഭിഷേക് ബാനർജി വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും മഴവില്‍ സഖ്യം പശ്ചിമ ബംഗാളിൽ ബിജെപിയെ മാത്രമാണ് സഹായിച്ചതെന്നും ബാനർജി പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ഞങ്ങൾ അവരെ അഭിനന്ദിച്ചു. ബി ജെ പിയെ നേർവഴിയിലാക്കാൻ കരുത്തുള്ള പാർട്ടികൾ അത് ചെയ്യണമെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമായ സന്ദേശം അയച്ചു. എന്നാല്‍ അവർ ടി എം സിക്കെതിരെയാണ് ബംഗാളില്‍ പ്രവർത്തിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും പരാജയപ്പെട്ടു, സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരു സീറ്റ് പോലും നേടാനായില്ലെന്നും അഭിഷേക് ബാനർജ് ഓർമ്മിപ്പിച്ചു.
'ഞാൻ ഒരു ബട്ടൺ അമർത്തിയാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് കോൺഗ്രസ് എംപിമാർ നാളെ ഞങ്ങളോടൊപ്പം ചേരും. അവരുടെ പേരുകൾ വെളിപ്പെടുത്തിയാൽ നിങ്ങൾ ഞെട്ടും. മര്യാദയിൽ വിശ്വസിക്കുന്നതുകൊണ്ടല്ല ഞങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ അധിർ രഞ്ജൻ ചൗധരിയെ വെല്ലുവിളിക്കുന്നു. നമ്മൾ വാതിലുകൾ തുറന്നാൽ പാർട്ടി നേതാക്കൾ പോകുന്നത് തടയാൻ അദ്ദേഹത്തിന് കഴിയില്ല.'- അഭിഷേക് ബാനർജി കോണ്‍ഗ്രസ് നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം, ബിശ്വാസ് രാജിവെച്ച് മറ്റൊരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം കൂറുമാറ്റ നിരോധന നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് നിയമസഭാ സ്പീക്കർ തീരുമാനിക്കുമെന്നായിരുന്നു അഭിഷേക് ബാനർജി വ്യക്തമാക്കിയത്. സ്പീക്കർ പറഞ്ഞാൽ ബിശ്വാസ് വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ബി ജെ പിക്കെതിരെ ശക്തമായ പ്രവർത്തനം നടത്താതിരിക്കുന്നതിനാലാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതെന്നാണ് ബിഷ്വാസ് വ്യക്തമാക്കിയത്. അദ്ദേഹം എപ്പോഴും തന്റെ ആക്രമണം തൃണമൂൽ കോൺഗ്രസിൽ കേന്ദ്രീകരിക്കുകയാണെന്നും ബിഷ്വാസ് പറഞ്ഞു.
എന്റെ വിജയത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ല. എനിക്ക് എപ്പോഴും ടിഎംസി ടിക്കറ്റിൽ മത്സരിക്കാനായിരുന്നു ആഗ്രഹം. എന്തുകൊണ്ടാണ് കോൺഗ്രസ് എന്നെ ഇപ്പോൾ രാജ്യദ്രോഹി എന്ന് വിളിക്കുന്നത്? 2021ൽ അവർക്ക് ഒരു സീറ്റെങ്കിലും നേടാനായോ? കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് ഞാൻ വിട്ടത്. എനിക്ക് പ്രവർത്തിക്കാന്‍ ശരിയായ ഇടം വേണം. അതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, തൃണമൂൽ കോൺഗ്രസ്സിന് സാഗർദിഗിയിലെ തോൽവി അംഗീകരിക്കാൻ കഴിയാത്തതിനാൽ ബിശ്വാസിനെ കൂറുമാറ്റിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു. "അവർ മൂന്ന് മാസമായി ബെയ്‌റോണിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. വോട്ടെടുപ്പ് വിധി തിരുത്താൻ അവർ എല്ലാ ശ്രമങ്ങളും നടത്തി. കോൺഗ്രസിനെ ഇപ്പോൾ തള്ളിപ്പറയരുതെന്ന് ഞാൻ ബെയ്‌റോണിനോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാൻ ഞങ്ങളുടെ നേതാക്കളും പ്രവർത്തകരും കഠിനാധ്വാനം ചെയ്തു,"-ചൗധരി പറഞ്ഞു.












Click it and Unblock the Notifications