'അസമിൽ അനധികൃതമായി മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്ന ഭൂമി പാവപ്പെട്ടവർക്ക് തിരികെ നൽകും'; കോൺഗ്രസ്
ന്യൂഡൽഹി: അടുത്ത വർഷം പ്രതിപക്ഷ പാർട്ടി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാൽ നിലവിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയും മന്ത്രിമാരും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന മുഴുവൻ ഭൂമിയും ദരിദ്രർക്കിടയിൽ പുനർവിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
ഹിമാന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾ മടുത്തുവെന്നും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിപുലീകൃത എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഗൊഗോയ് ആരോപിച്ചു. അടുത്ത വർഷം അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് പോർമുഖം തുറക്കുന്നത്.

ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി കോൺഗ്രസ് ഭൂമി നയത്തിലും സാമ്പത്തിക നയത്തിലും പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സർക്കാരിനെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണമാണ് അഴിച്ചുവിടുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അനധികൃത ഭൂമിയെ കുറിച്ചുള്ള ആരോപണം.
'ഭൂമിയുടെ അവകാശങ്ങൾ സംരക്ഷിക്കാനെന്ന വ്യാജേന മുഖ്യമന്ത്രിയും മന്ത്രിമാരും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി, പുതിയ കോൺഗ്രസ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഒരു തീരുമാനത്തിലൂടെ ദരിദ്രർക്ക് പുനർവിതരണം ചെയ്യും' എന്നായിരുന്നു ഗൗരവ് ഗൊഗോയ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കിയത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ജയിലിൽ അടയ്ക്കുന്നത് ജനങ്ങൾ കാണുമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം നിറവേറ്റേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിമന്ത ഭരണകൂടം ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളെ അനീതിയോടെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഗൊഗോയ് ആരോപിച്ചു.
വികസനത്തിന്റെ മറവിൽ ബോഡോകൾ, തിവാസ്, കർബികൾ, റബാസ്, മിസിങ്സ്, മറ്റ് സമുദായങ്ങൾ എന്നിവർക്കെതിരെ കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിക്കുന്നു എന്നാണ് സർക്കാരിനെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. കോടതി ഉത്തരവുകളുടെ ലംഘനമായാണ് ഈ കുടിയൊഴിപ്പിക്കൽ പരമ്പര നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
'ഹിമാന്ത ബിശ്വ ശർമ്മ ഭരണത്തിൻ കീഴിലുള്ള കൊള്ളയിൽ നിന്നും അനീതിയിൽ നിന്നും വ്യത്യസ്‌തമായി, പുരോഗമന ഭൂനയങ്ങളെയും സാമ്പത്തിക വികസനത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സർക്കാരിനെ കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്' എന്നും ഗോഗോയ് സംസ്ഥാനത്തെ വോട്ടർമാരോട് വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗും ഈ നിലപാട് ആവർത്തിച്ചു. 'സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും പര്യായമായി മാറിയ ഹിമാന്ത ബിശ്വ ശർമ്മയുടെ ദുർഭരണത്തിൽ നിന്ന് മോചനം നേടാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇന്ന്, അസമിൽ മാത്രമല്ല, രാജ്യത്തുടനീളം, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഓരോ പൗരനും പ്രതിശീർഷം 50,000 രൂപയുടെ കടബാധ്യത വഹിക്കുന്നു' സിംഗ് ചൂണ്ടിക്കാട്ടി.
അടുത്ത വർഷം മാർച്ച്-ഏപ്രിൽ സമയത്തായാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ആകെ 126 സീറ്റുകളിലേക്കാണ് മത്സരം. ഇക്കുറി ബിജെപി സർക്കാരിന് കടുത്ത വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഇറങ്ങുന്നത്. ഗൗരവ് ഗോഗോയുടെ നേതൃത്വത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തി ഫലം കണ്ടെത്താനാണ് അവരുടെ ശ്രമം.












Click it and Unblock the Notifications