കടപുഴകിയെന്ന് വിധിയെഴുതിയവർ എവിടെ: വടക്ക് കിഴക്കന്‍ മലനിരകളില്‍ കോണ്‍ഗ്രസിന് ഏഴഴകില്‍ പുതുഉദയം
ഇംഫാൽ: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുപിയും രാജസ്ഥാനും അടങ്ങുന്ന ഉത്തരേന്ത്യയില്‍ മാത്രമല്ല, മണിപ്പൂരും മേഘാലയും അസമും അടങ്ങുന്ന 7 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ഒരു കാലത്ത് ഈ മേഖല അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസ് പല വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും കടപുഴകിയ സ്ഥിതിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെുടുപ്പുകളിലും നിരവധി നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
കടപുഴകിയെങ്കിലും ആ വന്മരത്തിന്റെ വേരുകള്‍ പൂർണ്ണമായും പിഴുതറിയപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ആ വേരുകളില്‍ നിന്നും പുതുനാമ്പുകളും വിടർന്ന് തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു ഇത്തവണത്തെ തിരഞ്ഞെടെുപ്പ് ഫലം. ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് ഇത്തവണ മേഖലയില്‍ നിന്നും ലഭിച്ചത് മണിപ്പൂരിൽ രണ്ട് സീറ്റുകളും നാഗാലാൻഡിലും മേഘാലയയിലും ബി ജെ പിയിൽ നിന്നും അവരുടെ സഖ്യകക്ഷികളിൽ നിന്നും ഓരോ സീറ്റ് വീതവും നേടിയ കോണ്‍ഗ്രസ് ആസാമിൽ മൂന്ന് സീറ്റുകളും നിലനിർത്തി.

ത്രിപുരയിലും അരുണാചൽ പ്രദേശിലും രണ്ട് വീതം സീറ്റുകൾ നിലനിർത്തിയ ബി ജെ പി അസമില്‍ ഒമ്പത് സീറ്റുകളും നേടി. നിലവിൽ മണിപ്പൂരിനൊപ്പം ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പിയാണ് ഭരിക്കുന്നത്. ബി ജെ പി സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് (എൻ പി പി) മേഘാലയയിലെ സീറ്റുകള്‍ കോൺഗ്രസിനും വോയ്സ് ഓഫ് പീപ്പിൾ പാർട്ടിക്കും മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (എൻ ഡി പി പി) നാഗാലാൻഡിലെ ഏക സീറ്റും കോൺഗ്രസ് നേടി.
അതേസമയം, അസമിൽ ബിജെപിയുടെ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു പി പി എൽ), അസം ഗണ പരിഷത്ത് (എ ജി പി), സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ് കെ എം) എന്നിവർ ഓരോ സീറ്റും നേടി. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 ലോക്‌സഭാ സീറ്റുകളിൽ 2019ൽ 14 എണ്ണവും ബിജെപി നേടിയപ്പോൾ കോൺഗ്രസിന് നാലെണ്ണം (ആസാമിൽ മൂന്ന്, മേഘാലയയിൽ ഒന്ന്) മാത്രമായിരുന്നു ലഭിച്ചത്. ബാക്കിയുള്ള ഏഴ് സീറ്റുകൾ സംസ്ഥാന പാർട്ടികളും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും നേടി.
അസമിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്), നാഗാലാൻഡിൽ എൻ ഡി പി പി, മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് (എം എൻ എഫ്), മേഘാലയയിൽ എൻ പി പി, മണിപ്പൂരിൽ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എ ഫ്), സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം), ഒരു സ്വതന്ത്രന്‍ എന്നിവരും 2019 ല്‍ ഓരോ സീറ്റുകള്‍ നേടിയിരുന്നു.
അതേസമയം, 2009 മുതൽ ഷില്ലോങ് ലോക്‌സഭാ സീറ്റിൽ വിജയിച്ചുവരുന്ന മേഘാലയ കോൺഗ്രസ് മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ വിൻസെൻ്റ് എച്ച് പാല ഇത്തവണ വോയ്‌സ് ഓഫ് പീപ്പിൾ പാർട്ടിയുടെ റിക്കി ആൻഡ്രൂ ജെ സിങ്കോണിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി. എന്നാല്‍ ഭരണകക്ഷിയായ എൻ പി പി സ്ഥാനാർത്ഥിയും മേഘാലയ മുഖ്യമന്ത്രിയും എൻ പി പി അധ്യക്ഷനുമായ കോൺറാഡ് കെ. സാങ്മയുടെ ഇളയ സഹോദരിയുമായ അഗത കെ. സാംഗ്മയെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി സലെംഗ് എ. സാംഗ്മ തുറ സീറ്റിൽ വിജയിച്ചു.
മണിപ്പൂരിൽ ഒരു വർഷം നീണ്ടുനിന്ന വംശീയ കലാപങ്ങളും നാഗാലാൻഡിലെയും മേഘാലയയിലെയും പരിഹരിക്കപ്പെടാത്ത വംശീയ പ്രശ്‌നങ്ങളും ബി ജെ പിയുടെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിച്ച ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) ഏപ്രിൽ 19 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വടക്കുകിഴക്കൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച നേട്ടമുണ്ടാക്കിയതായി ത്രിപുര കോൺഗ്രസ് അധ്യക്ഷൻ ആശിഷ് കുമാർ സാഹ പറഞ്ഞു. ജനുവരി 14 ന് മണിപ്പൂരിൽ നിന്നായിരുന്നു രാഹുൽ ഗാന്ധി തൻ്റെ 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ അഞ്ച് 'ഗ്യാരൻ്റി'കൾ (ന്യായ്) ജനങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലുത്തിക്കൊണ്ട് മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളും സന്ദർശിച്ചെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications