കോണ്‍ഗ്രസ്-എസ്പി സഖ്യം; പുതിയ പ്രഖ്യാപനവുമായി അഖിലേഷ് യാദവ്, കോണ്‍ഗ്രസിന് ഇത്ര സീറ്റ്
ലഖ്‌നൗ: ബിഹാറില്‍ നിന്ന് ദുഃഖ വാര്‍ത്ത നേരിടുന്ന കോണ്‍ഗ്രസിന് യുപിയില്‍ നിന്ന് സന്തോഷ വിവരം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ധാരമയായി. ചര്‍ച്ചകള്‍ക്ക് ശേഷം ഇരു പാര്‍ട്ടികളും മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.
80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശില്‍. രാജ്യത്ത് ഇത്രയധികം മണ്ഡലങ്ങളുള്ള സംസ്ഥാനം വേറെയില്ല. അതുകൊണ്ടുതന്നെ യുപിയില്‍ വിജയിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്രം ഭരിക്കുകയും ചെയ്യാം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി മികച്ച വിജയമാണ് യുപിയില്‍ നേടിയത്. സ്വാഭാവികമായും കേന്ദ്ര ഭരണം ലഭിച്ചതും അവര്‍ക്ക് തന്നെ.

എസ്പി-കോണ്‍ഗ്രസ് സഖ്യം ഇത്തവണ ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം എസ്പിക്കാണ്. കോണ്‍ഗ്രസ് ഇക്കാര്യം മനസിലാക്കണമെന്ന് നേരത്തെ എസ്പി നേതാക്കള്‍ പറഞ്ഞിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇന്ന് അഖിലേഷ് യാദവ് കോണ്‍ഗ്രസുമായുള്ള ധാരണ സംബന്ധിച്ച് സൂചിപ്പിച്ചത്. 11 ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ചെറുപാര്‍ട്ടികളെയും സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ എസ്പി ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചില സീറ്റുകള്‍ കൂടി എസ്പി വിട്ടുകൊടുക്കും. വിശാല സഖ്യത്തില്‍ ചേരില്ലെന്ന് മായാവതിയുടെ ബിഎസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുകുള്‍ വാസ്‌നിക് അധ്യക്ഷനായ ദേശീയ കമ്മിറ്റി അന്തിമ തീരുമാനം എടുക്കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി സഖ്യമില്ലായിരുന്നു എങ്കിലും രാഹുല്‍ ഗാന്ധി മല്‍സരിച്ച അമേഠിയിലും സോണിയ ഗാന്ധി മല്‍സരിച്ച റായ്ബറേലിയിലും എസ്പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
എസ്പിയും കോണ്‍ഗ്രസും ഒന്നിക്കുമ്പോള്‍ ബിജെപിക്ക് വെല്ലുവിളിയാണ്. ഈ സഖ്യത്തിലേക്ക് മായാവതി കൂടി വരുമ്പോള്‍ സഖ്യം കൂടുതല്‍ ശക്തമാകും. എന്നാല്‍ മുഖം തിരിച്ചു നില്‍ക്കുകയാണ് മായാവതി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചിരുന്നത്. ബിഎസ്പി കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ എസ്പിയുമായുള്ള സഖ്യം മായാവതി പിരിഞ്ഞു. ഇനി ബിഎസ്പിയുമായി സഖ്യത്തിനില്ല എന്ന് അന്നുതന്നെ അഖിലേഷ് വ്യക്തമാക്കുകയും ചെയ്തു. ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബിഎസ്പിയുമായി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications