കശ്മീരില്‍ വീണു... പക്ഷേ ഇനിയുള്ള നീക്കങ്ങള്‍ ഇങ്ങനെ, കോണ്‍ഗ്രസ് പടപ്പുറപ്പാടിന്!!
ദില്ലി: കശ്മീര്‍ ബില്‍ സര്‍ക്കാര്‍ പാസാക്കിയതോടെ കോണ്‍ഗ്രസില്‍ രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. വര്‍ക്കിംഗ് കമ്മിറ്റി യോഗവും, കശ്മീര്‍ വിഷയത്തില്‍ ഇനി പാര്‍ട്ടിയുടെ നീക്കങ്ങള്‍ എന്താണെന്നും ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം മുതല്‍ ബിജെപിക്ക് മുന്നില്‍ സകല മേഖലകളിലും തോറ്റെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
അതേസമയം അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കമാണ് പ്രധാനമായും നടക്കുന്നത്. രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത് വലിയ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ലമെന്റില്‍ ദയനീയമായി പിന്നോക്കം പോവുകയും ചെയ്തു പാര്‍ട്ടി. ഇതിനൊപ്പം ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം മുതിര്‍ന്ന നേതാക്കള്‍ വരെ കശ്മീര്‍ വിഷയത്തില്‍ നേതൃത്വത്തിന്റെ നിലപാടിനെ തള്ളി പറഞ്ഞു എന്നതാണ്.

കശ്മീരില്‍ ഭിന്നിപ്പ്
കശ്മീരില്‍ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, ദീപേന്ദര്‍ ഹൂഡ എന്നിവര്‍ ബില്ലിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം നോട്ടുനിരോധനത്തേക്കാള്‍ വലിയ രാഷ്ട്രീയ നേട്ടം ഇതിലൂടെ ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ഈ പ്രഖ്യാപനം കാരണം ബിജെപി ഉണ്ടാക്കിയെന്ന അടക്കം പറച്ചിലും ഉയര്‍ന്നിട്ടുണ്ട്.

വേണുഗോപാല്‍ ഇടപെട്ടു
പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ ലോക്‌സഭാ രാജ്യസഭാ എംപിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ എല്ലാ ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിവരും ചര്‍ച്ചയ്‌ക്കെത്തും. അതേസമയം കഴിഞ്ഞ ദിവസം നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഹൂഡയുടെയും സിന്ധ്യയുടെയും നിലപാടുകളെ നിരവധി പേര്‍ പിന്തുണച്ചിരിക്കുകയാണ്. മുന്‍ മന്ത്രിമാരായ ജിതിന്‍ പ്രസാദയും ആര്‍പിഎന്‍ സിംഗും ഇരുവരെയും പിന്തുണച്ചിട്ടുണ്ട്.

അധ്യക്ഷ സ്ഥാനം ആര്‍ക്ക്
അധ്യക്ഷ സ്ഥാനത്തേക്കുള്ള തീരുമാനമാണ് ഇനി മുന്നിലുള്ളത്. നാളെയാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം. കശ്മീരിനെ കൂടാതെ അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസിന് നിര്‍ണായകമാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കാനില്ലെന്ന വ്യക്തമാക്കിയ സാഹചര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. തിരഞ്ഞെടുപ്പ് പത്താം തീയ്യതി നടക്കുമെന്നാണ് സൂചന. ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്ക് പിന്തുണ വര്‍ധിക്കുന്നുണ്ട്. ഇവരിലൊരാള്‍ ഇടക്കാല പ്രസിഡന്റായി എത്തുമെന്ന് ഉറപ്പാണ്.

മുന്നോട്ടുള്ള നീക്കം
രാജ്യം മുഴുവനുമുള്ള ഒരു പ്രചാരണമാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. എന്തുകൊണ്ട് കശ്മീര്‍ ബില്ലിനെ എതിര്‍ത്തു എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയാണ് മുന്നിലുള്ള ലക്ഷ്യം. ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായ മേഖലകളില്‍ ഇത്തരം നീക്കങ്ങള്‍ ഫലിക്കുമോ എന്ന് കുറച്ച് നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചപ്പോള്‍ നടത്തിയ അതേ പ്രചാരണമാണ് ചിലര്‍ ഉന്നയിച്ചിരിക്കുന്നത്.

കേട്ടിരുന്ന് രാഹുല്‍
നേതാക്കള്‍ ഉന്നയിച്ച കാര്യം ശ്രദ്ധയോടെ കേട്ടിരിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. വിവിധ മേഖലകളിലുള്ളവര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം യുവനേതാക്കള്‍ പാര്‍ട്ടി നിലപാട് മയപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ വല്ലാത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഗുലാം നബി ആസാദ് യോഗത്തില്‍ വൈകാരികമായാണ് പ്രതികരിച്ച്ത. കശ്മീരിന്റെ പ്രത്യേകതകളെ കുറിച്ചും എന്തുകൊണ്ട് നിയമം തുടരേണ്ടതുണ്ടെന്നുമാണ് അദ്ദേഹം ഉന്നയിച്ചത്.

മുന്നില്‍ തിരഞ്ഞെടുപ്പ്
സംസ്ഥാന തിരഞ്ഞെടുപ്പുകളാണ് യുവനേതാക്കളെ ഭയപ്പെടുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ച്ചയോടെ ഇല്ലാതായ കോണ്‍ഗ്രസ് ഇത്തരം നിലപാടുകള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് വീഴ്ത്തുമെന്നാണ് ഇവരുടെ ഭയം. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി എന്നിവിടങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പ്രിയങ്കയുടെ റോളും ഇതില്‍ നിര്‍ണായമാകും. അതേസമയം പ്രിയങ്ക ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാതിരുന്നതും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്‍; വിമാനത്താവളത്തില്‍ തടഞ്ഞു, പുറത്തിറങ്ങാന്‍ അനുവദിച്ചില്ല