Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്നി രണ്ടിടത്ത് മത്സരിക്കും, സിദ്ദു എവിടെ?; പഞ്ചാബില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

അമൃത്സര്‍: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. വെള്ളിയാഴ്ച തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചാംകൗര്‍, അദംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായിരിക്കും ചന്നി ജനവിധി തേടുക. നിലവില്‍ ചാംകൗര്‍ എം എല്‍ എയാണ് ചന്നി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കിയത്.

70-ലധികം സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയെന്നും എല്ലാ സ്ഥാനാര്‍ത്ഥികളെയും കുറിച്ച് ധാരണയായെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവിലെ എം എല്‍ എമാരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് സീറ്റുകളില്‍ സമവായം ഉണ്ടാകാത്തതിനാല്‍ പാര്‍ട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റി വെള്ളിയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് തീരുമാനത്തിലെത്തും.

punjab

പഞ്ചാബിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലെ രണ്ട് സീറ്റുകളില്‍ നിന്ന് ചന്നിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ദളിത് വോട്ടുകള്‍ കൂടുതലുള്ള ദോബ മേഖലയിലാണ് അദംപൂര്‍ അസംബ്ലി മണ്ഡലം സ്ഥിതി ചെയ്യുന്നത്. ഇതാണ് ചന്നിയുടെ രണ്ടാം മണ്ഡലം.

എം പിമാരേയും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ മാര്‍ച്ചില്‍ കാലാവധി അവസാനിക്കാനിരിക്കുന്ന രാജ്യസഭാ എം പി പ്രതാപ് സിംഗ് ബജ്വയെപ്പോലുള്ളവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാനൊരുക്കമാണെന്ന് എം പി ജസ്ബീര്‍ സിംഗ് ഗില്ല് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ജസ്ബീര്‍ സിംഗ് എ എന്‍ ഐയോട് പറഞ്ഞു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ അതീവ ഗൗരവമായാണ് കാണുന്നതെന്നും അതിനാലാണ് എം പിമാരെ മത്സരിപ്പിക്കുന്നതെന്നുമാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. 16-ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് നടക്കുന്നത്. 117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10 നാണ്.

അതേസമയം പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവും രംഗത്തുണ്ട്. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരം കയ്യിലുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ തവണ മികച്ച ഭൂരിക്ഷം നേടി അധികാരത്തിലെത്താന്‍ സാധിച്ചെങ്കിലും ഗ്രൂപ്പ് വഴക്കാണ് കോണ്‍ഗ്രസിനെ വലച്ചത്.

ഇതിന്റെ ഫലമായി കോണ്‍ഗ്രസിന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ നഷ്ടമായി. സിദ്ദുവുമായി ഏറ്റുമുട്ടി അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിടുകയായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ ബി ജെ പി സഖ്യത്തിലാണ്.

അതേസമയം തര്‍ക്കമുണ്ടാകുമെന്നത് മുന്‍കൂട്ടി കണ്ട് തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ എ ഐ സി സി നേതൃത്വം തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പദവി സംബന്ധിച്ച് നേതാക്കളുടെ ഭാഗത്ത് നിന്നും സ്വയം പ്രഖ്യാപനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും എ ഐ സി സി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് പരോക്ഷമായി ലംഘിക്കുന്ന പ്രസ്താവനകളുമായി നവജോത് സിംഗ് സിദ്ധുവും ചരണ്‍ജിത്ത് ചന്നിയും രംഗത്തെത്തിയിട്ടുണ്ട്. 'പഞ്ചാബിലെ ജനങ്ങള്‍' പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നായിരുന്നു സിദ്ദു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് എ ഐ സി സി നിലപാട് തള്ളിക്കൊണ്ട് ചന്നി പറഞ്ഞത്.

പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തപ്പോഴെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച നേതൃത്വത്തിനിടയില്‍ സമവായമില്ലാത്തത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും. ബഹുഷ്‌കോണ മത്സരം നടക്കുന്ന പഞ്ചാബില്‍ എതിരാളികളെല്ലാം ശക്തരാണ്. ആം ആദ്മി പാര്‍ട്ടി (എ എ പി), ബി ജെ പി-അമരീന്ദര്‍ സിംഗ് സഖ്യം, അകാലിദള്‍-ബി എസ് പി- ഇടത് സഖ്യം എന്നിവര്‍ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+