പ്രജാപാലന കേന്ദ്രങ്ങളിലൂടെ ഹൈദരാബാദിലെ സ്വാധീനം വർധിപ്പിക്കാന്‍ കോണ്‍ഗ്രസ്: എഐഎംഐഎമ്മുമായി സംഘർഷം
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ എ ഐ എം ഐ എം ശക്തിമേഖലയായ ഹൈദരാബാദ് പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കോണ്‍ഗ്രസ്. ഡിസംബർ 28ന് നഗരത്തില്‍ ആരംഭിച്ച അഭയ ഹസ്തം പ്രജാപാലന പരിപാടിയിലുടെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഡിസംബർ 28ന് പരിപാടി ആരംഭിച്ചത് മുതൽ തന്നെ കോൺഗ്രസ് നേതാക്കൾ പ്രജാപാലന കേന്ദ്രങ്ങൾ സന്ദർശിച്ച് ജനങ്ങളെ കാണുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ ലഭിക്കാന്‍ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രജാപാലന കേന്ദ്രങ്ങൾ സ്ഥാപിച്ചത്. ഇത്തരം കേന്ദ്രങ്ങളിലൂടെ ആളുകള്‍ക്ക് പദ്ധതികളിലേക്ക് അപേക്ഷ നല്‍കാം.
നാമ്പള്ളിയിലെ ചില സ്ഥലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ആളുകൾക്കായി ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുകയും ചെയ്തു. പത്ത് വർഷത്തിന് ശേഷം പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം പാർട്ടി പ്രവർത്തകരും വലിയ ആവേശത്തിലാണ്. പ്രാദേശിക രാഷ്ട്രീയത്തിൽ സജീവല്ലാതിരുന്ന പല നേതാക്കളും ഇതോടെ സജീവമായി തന്നെ പ്രവർത്തനത്തിലേക്ക് ഇറങ്ങിയിട്ടുമുണ്ട്.

തങ്ങളുടെ കോട്ട നിലനിർത്താന്‍ സർവ്വ സജ്ജമായി എ ഐ എം ഐ എം പ്രവർത്തകരും രംഗത്ത് ഇറങ്ങിയതോടെ ചിലയിടത്ത് സംഘർഷവും ഉണ്ടായിട്ടുണ്ട്. നാമ്പള്ളിയിൽ എ ഐ എം ഐ എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മില്‍ ഉണ്ടായ സംഘർഷം പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്. കോൺഗ്രസ് പ്രവർത്തകർ അഭയ ഹസ്തം പ്രജാപാലന പരിപാടി കേന്ദ്രത്തിനുള്ളിൽ ഇരിക്കരുതെന്ന് ആവശ്യപ്പെട്ട് എ ഐ എം ഐ എം നേതാക്കള്‍ രംഗത്ത് വന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സുൽത്താൻഷാഹിയിലെ സ്ഥിതി ഇതിലും ആശങ്കാജനകമായിരുന്നു. പരിപാടിയുടെ പുരോഗതി അവലോകനം ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഒരു കേന്ദ്രത്തിലേക്ക് എത്തിയപ്പോള്‍ സുൽത്താൻ ഷാഹിയിലെ കോൺഗ്രസ് നേതാക്കളും എ ഐ എം ഐ എം പ്രാദേശിക നേതാക്കളും ഏറ്റുമുട്ടി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. സമാനമായ രീതിയില്‍ നഗരത്തിലെ മറ്റ് മേഖലകളിലും സംഘർഷമുണ്ടായിട്ടുണ്ട്.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ കേന്ദ്രമായിരുന്നു ഹൈദരാബാദ്. 1952 മുതല്‍ 1980 വരെ ആറ് തവണ കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 71 ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവിലൂടെ തെലങ്കാന പ്രജാ സമിതി മണ്ഡലം പിടിച്ചെടുത്തിരുന്നു. 1984 ലാണ് സുല്‍ത്താന്‍ സലാഹൂദ്ദീന്‍ ഒവൈസി മണ്ഡലത്തില്‍ നിന്നും ആദ്യമായി വിജയിക്കുന്നത്. ആദ്യ തവണ സ്വതന്ത്രനായിട്ടായിരുന്നു വിജയമെങ്കില്‍ 1989 ല്‍ 99 വരെ അഞ്ച് തവണ എ ഐ എം ഐ എം പ്രതിനിധിയായി അദ്ദേഹം വിജയിച്ചു.
2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയാണ് ഹൈദരാബാദിന്റെ പ്രതിനിധി. 2019 ലെ തിരഞ്ഞെടുപ്പില്‍ 2.82 ലക്ഷം വോട്ടിനാണ് അദ്ദേഹം മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ബി ജെ പി രണ്ടാമത് എത്തിയപ്പോള്‍ ടി ആർ എസ് മൂന്നും കോണ്‍ഗ്രസ് നാലാമതുമായിരുന്നു.












Click it and Unblock the Notifications