കളം നിറയാൻ കോൺഗ്രസും; സ്ഥാനാർത്ഥി പട്ടിക ഉടൻ, തയ്യാറാക്കുക 3 പേരുടെ പട്ടിക
ബെംഗളൂരു: ദക്ഷിണേന്ത്യയിൽ 2023 ൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്ത് ഇക്കുറി അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ പാർട്ടി തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്.
വിജയ സാധ്യത, പരിചയ സമ്പത്ത്, ജനങ്ങൾക്കിടയിലെ സ്വീകാര്യത, ജനപ്രീതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുക.

സ്ഥാനാർത്ഥികളാകാൻ താത്പര്യമുള്ളവരിൽ നിന്നും പാർട്ടി നേതൃത്വം അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഇത് പരിശോധിച്ച് സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക കമ്മിറ്റികളേയും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.ബെംഗളൂരു സിറ്റി സെൻട്രലിലെ അപേക്ഷകൾ പരിശോധിച്ച് സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന സമിതിയുടെ ചുമതല മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയ്ക്കാണ്. കോലാറിൽ മുൻ മുഖ്യമന്ത്രി എം വീരപ്പമൊയ്‌ലിയ്ക്കും തുംകൂറിൽ മുൻ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയ്ക്കുമാണ് ചുമതല.

സമിതി അംഗങ്ങൾ ഓരോ ജില്ലകളിലും സന്ദർശിച്ച് ഓരോ മണ്ഡലത്തിൽ നിന്നും ഏറ്റവും അനുയോജ്യരെന്ന് തോന്നുന്ന 3 പേരെ കണ്ടെത്തും. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ള യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകണമെന്നാണ് നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യത ഉള്ളവരെ മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നും സമിതി അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കമ്മിറ്റി അംഗങ്ങൾ അതത് ജില്ലകളിലെ എല്ലാ അപേക്ഷകളും പരിശോധിച്ച് തിരഞ്ഞെടുക്കപ്പെട്ടവരുടെ ശക്തിയും ദൗർബല്യങ്ങളും വിലയിരുത്തും. തുടർന്ന് എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയശേഷം ഏകകണ്ഠമായി സ്ഥാനാർത്ഥികളെ തീരുമാനിക്കും', ഡികെ ശിവകുമാർ പറഞ്ഞു. എന്തെങ്കിലും രീതിയിലുള്ള അഭിപ്രായവ്യത്യാസമുണ്ടായാൽ പ്രശ്‌നം പരിഹരിക്കാൻ കെ പി സി സി, എ ഐ സി സി നേതാക്കളുടെ സഹായം തേടാനാണ് സമിതിയംഗങ്ങൾക്ക് നിർദേശം.ഏതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലോ വർഗീയ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടവരെ പരിഗണിക്കരുതെന്നും നിർദ്ദേശമുണ്ട്.

നേതാക്കളുടെ വസതികളിൽ യോഗങ്ങൾ നടത്തരുതെന്നും സ്ഥാനാർത്ഥി ചർച്ചകൾ സംബന്ധിച്ച് യാതൊരു റെക്കോഡിംഗും അനുവദിക്കരുതെന്നും കമ്മിറ്റി അംഗങ്ങളോട് കർശനമായി ആവഷ്യപ്പെട്ടിട്ടുണ്ട്. യോഗങ്ങളിലെ തീരുമാനങ്ങൾ സംബന്ധിച്ച് മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ 2023 ജനുവരി ഒന്നിന് മുമ്പ് കെപിസിസിക്ക് അയയ്ക്കാനും കമ്മിറ്റി അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം കോൺഗ്രസിന്റെ മുൻ സഖ്യകക്ഷിയായ ജെ ഡി എസ് ഇതിനോടകം തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. 93 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, മകൻ നിഖിൻ കുമാരസ്വാമി തുടങ്ങിയവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇത്തവണ കോൺഗ്രസുമായി ജെ ഡി എസ് സഖ്യമുണ്ടാക്കില്ലെന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. അതേസമയം നിയമസസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം ഉണ്ടാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. തങ്ങൾക്ക് ആരുമായി സഖ്യം വേണ്ടതില്ലെന്നും തനിച്ച് അധികാരം നേടുമെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ ബി ജെ പിയെ തളയ്ക്കാൻ സാധ്യമായ വഴികൾ തേടണമെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വെച്ചിരിക്കുന്നത്.












Click it and Unblock the Notifications