'ഓര്‍മ്മയില്ലേ കര്‍ണാടക..? ഇനിയും അത് തന്നെ സംഭവിക്കും'; ബിജെപിയെ ഇനി കാണില്ലെന്ന് രാഹുല്‍
പാട്‌ന: ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്ന് രാഹുല്‍ ഗാന്ധി. ബീഹാറില്‍ നടക്കുന്ന പ്രതിപക്ഷ മഹായോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം നടക്കുന്നത്.
'തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് വിജയിക്കും. കര്‍ണ്ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടതല്ലേ? ബി ജെ പി നേതാക്കള്‍ എല്ലായിടത്തും ഓടി നടന്ന് പര്യടനം നടത്തി, നീണ്ട പ്രസംഗങ്ങള്‍ നടത്തി സംസ്ഥാനം തൂത്തുവാരുമെന്ന് അവകാശപ്പെട്ടു. എന്നിട്ട് എന്താണ് സംഭവിച്ചത്?, രാഹുല്‍ ഗാന്ധി ചോദിച്ചു.

തെലങ്കാനയിലോ രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മധ്യപ്രദേശിലോ ബി ജെ പിയെ ഇനി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദരിദ്രര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി ജെ പിയെക്കൊണ്ട് രണ്ടോ മൂന്നോ പേര്‍ക്കെ പുരോഗതിയുണ്ടാകൂ എന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാവപ്പെട്ട ജനങ്ങളുടെ വികസനമാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇന്ത്യയില്‍ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഒരു വശത്ത് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ പ്രത്യയശാസ്ത്രം. മറുവശത്ത് ആര്‍ എസ് എസും ബിജെപിയും ഉയര്‍ത്തുന്ന ഭാരത് ടോഡോ പ്രത്യയശാസ്ത്രം. കോണ്‍ഗ്രസിന്റെ ഡി എന്‍ എ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്,' രാഹുല്‍ പറഞ്ഞു. ബീഹാറില്‍ നിന്നുള്ള ആളുകള്‍ ഭാരത് ജോഡോ യാത്രയെ വളരെയധികം പിന്തുണച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ആശയത്തില്‍ വിശ്വസിക്കുന്നതിനാലാണ് ബീഹാറിലെ ജനങ്ങള്‍ കൂട്ടത്തോടെ യാത്രയില്‍ ചേര്‍ന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പിന് വിദ്വേഷം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയാം. സ്നേഹത്തിന് മാത്രമേ അതിന് കഴിയൂ. എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഇന്ന് ഇവിടെയെത്തിയത് ആ ബോധ്യത്താലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികളുടെ നേതാക്കള്‍ പട്നയില്‍ എത്തിയിട്ടുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കാനാണ് യോഗം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications