'പിറന്ന മണ്ണിൽ പൗരന്മാർ ഭയത്തോടെ ജീവിക്കേണ്ടി വരുന്നു', കേന്ദ്രത്തിനെതിരെ കെസി വേണുഗോപാൽ
ദില്ലി: ഭരണഘടനയ്ക്ക് മേൽ ഭീഷണിയുയർത്തുന്ന ഏകാധിപത്യ, മത രാഷ്ട്ര വാദ പ്രവണതകളാണ് കേന്ദ്ര സർക്കാർ മുഖമുദ്രയാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഭരണഘടനാ ദിവസത്തിന്റെ പശ്ചാത്തലത്തിലാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പാർലമെന്റിൽ സംഘടിപ്പിച്ച ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പരിപാടി ബഹിഷ്ക്കരിച്ചത് എന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് മുന്നോട്ടുവെച്ച ആശയങ്ങളാണ് നമ്മുടെ ഭരണഘടനയുടെ കാതലെന്നും വേണുഗോപാൽ പറഞ്ഞു.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
കെസി വേണുഗോപാലിന്റെ പ്രതികരണം: '' നമ്മൾ പരമാധികാരം നേടുന്നതിന് മുമ്പും അതിനു ശേഷവും സ്വതന്ത്രമായ ഒട്ടേറെ ലോക രാഷ്ട്രങ്ങൾ ഏകാധിപത്യത്തിലേക്കും പട്ടാള ഭരണത്തിലേക്കും വഴിമാറി തകർന്നതിന് ചരിത്രം സാക്ഷി; അപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമായ് നിലനിൽക്കുന്നത് നമ്മുടെ ഭരണഘടനയുടെ കരുത്തിലാണ് ; ഇന്ത്യയുടെ ആത്മാവ് തൊട്ട ഭരണഘടന രൂപകല്പന ചെയ്തുവെന്നതാണ് നമ്മുടെ ശക്തി.

നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ട ദിനമെന്ന നിലയിൽ അഭിമാനവും വർത്തമാന കാല ആശങ്കയും പങ്കുവെക്കേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങൾ പോഷിപ്പിക്കുന്നതിന് പകരം ഭരണഘടനയ്ക്ക് മേൽ ഭീഷണിയുയർത്തുന്ന ഏകാധിപത്യ, മത രാഷ്ട്ര വാദ പ്രവണതകളാണ് കേന്ദ്ര സർക്കാർ മുഖമുദ്രയാക്കുന്നത്; പിറന്ന മണ്ണിൽ പൗരന്മാർ ഭയത്തോടെ ജീവിക്കേണ്ടി വരുന്നു. ഭരണഘടനാസത്തയെ നിരാകരിച്ച് ജനാധിപത്യവിരുദ്ധമായ നിയമനിർമാണങ്ങളിലൂടെ, ജനദ്രോഹനയങ്ങളിലൂടെ മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ സമീപനത്തെ ചെറുത്ത് തോൽപ്പിക്കാം.
മതേതരത്വവും സാമൂഹ്യനീതിയും സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവുമുൾപ്പെട്ട ഭരണഘടനാമൂല്യങ്ങൾ ഒന്നും പാലിക്കാതെയുള്ള ഫാസിസ്റ്റ് അധികാര പ്രയാണത്തെ തടയാൻ നമുക്ക് ശപഥമെടുക്കാം. ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാം. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ചാണ് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പാർലമെന്റിൽ സംഘടിപ്പിക്കുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്.
പാർലമെന്റ് പാസാക്കിയ കരിനിയമങ്ങൾ പിൻവലിക്കാൻ എഴുന്നൂറിലധികം കർഷകരുടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന കാലത്താണ് പുതിയ ഇന്ത്യയെന്നത് നമ്മുടെ ആശങ്ക വർധിപ്പിക്കുന്നു. ആ ഐതിഹാസിക സമരവാർഷികദിനത്തിൽ ഭരണഘടന നെഞ്ചോട് ചേർത്ത് പൊരുതിയ കർഷക പോരാളികളേയും സ്മരിക്കുന്നു. ഭരണഘടനാ നിർമ്മാണ സമിതിയിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധികളായിരുന്നു ; കോൺഗ്രസ് മുന്നോട്ടുവെച്ച ആശയങ്ങളാണ് നമ്മുടെ ഭരണഘടനയുടെ കാതലെന്ന് അഭിമാനപൂർവം പറയാം. ഡോ ബിആർ അംബേദ്‌കർക്കും കോൺസ്‌റ്റിറ്റ്യൂട്ട് അസംബ്ലിയിൽ അംഗങ്ങളായിരുന്ന 207 അംഗങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ''.












Click it and Unblock the Notifications