മോദിയെ കാണാനെത്തി; കെജ്രിവാളിനെ തടഞ്ഞു
ഗാന്ധിനഗര്‍: മുന്‍കൂട്ടി അനുമതി വാങ്ങാതെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെയും സംഘത്തെയും പോലീസ് തടഞ്ഞു. അനുമതി വാങ്ങാനാവാതെ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനാവില്ല എന്ന് പറഞ്ഞാണ് പോലീസ് കെജ്രിവാളിനെ തടഞ്ഞത്. ഗുജറാത്ത് വികസം സംബന്ധിച്ച അവകാശവാദങ്ങളോട് 16 ചോദ്യങ്ങളുമായി മോദിയെ കാണാനെത്തിയതായിരുന്നു കെജ്രിവാളും സംഘവും.
നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് രണ്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് കെജ്രിവാളിനെയും കൂട്ടരെയും പോലീസ് തടഞ്ഞത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അരമണിക്കൂറോളം കെജ്രിവാള്‍ റോഡില്‍ തന്നെ നിന്നു. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച കൂടിക്കാഴ്ച അല്ലാത്തതിനാലാണ് അനുമതി വാങ്ങാത്തത് എന്നായിരുന്നു കെജ്രിവാളിന്റെ വിശദീകരണം.

ആം ആദ്മി പാര്‍ട്ടി നേതാക്കളും കെജ്രിവാളിന് ഒപ്പം ഉണ്ടായിരുന്നു. പോലീസ് സംഘത്തിനൊപ്പം ആപ്പ് നേതാവായ മനീഷ് സിസോദിയ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സന്ദര്‍ശനത്തിന് അനുമതി തിരക്കിയെങ്കിലും ലഭിച്ചില്ല. മോദി തിരക്കിലാണ് എന്ന് പ്രൈവറ്റ് സെക്രട്ടറി അറിയിച്ചതായി സിസോദിയ ട്വീറ്റ് ചെയ്തു.
എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തത് കൊണ്ടാണ് മോദി തങ്ങളെ കാണാന്‍ കൂട്ടാക്കാത്തത് എന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. മോദിയുടെ അവകാശ വാദങ്ങള്‍ പൊളളയാണ് എന്നും കെജ്രിവാള്‍ പറഞ്ഞു. നേരത്തെ കെജ്രിവാള്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കെജ്രിവാളിനെതിരെ രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications