രാജ്യവ്യാപക ലോക്ക്ഡൌൺ പാളി: കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്, പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി!!
ദില്ലി: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപക ലോക്ക്ഡൌൺ നീട്ടിയതിൽ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഈ കാലയളവിൽ കൊറോണ വൈറസ് കേസുകൾ വർധിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുന്നതിൽ രാജ്യവ്യാപക ലോക്ക്ഡൌൺ പരാജയപ്പെട്ടുവെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.
ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽഗാന്ധിയുടെ പ്രതികരണം. ഇന്ത്യയിലെ ലോക്ക്ഡൌൺ പരാജയപ്പെട്ടു. ലോക്ക്ഡൌണിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അതല്ല സംഭവിച്ചതെന്നും രാഹുൽ പറയുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ജീവനക്കാരും അവകാശപ്പട്ടത് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതോടെ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുമെന്നാണ്. എന്നാൽ അത് സംഭവിച്ചില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.

തിങ്കളാഴ്ച മാത്രം ഇന്ത്യയിൽ 7000 നടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിത്. ചൊവ്വാഴ്ചയോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.45 ലക്ഷം കടന്നിട്ടുണ്ട്. 4,167 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നത് അടുത്ത ഘട്ടത്തിൽ എന്താണ് സർക്കാരിന്റെ തന്ത്രമെന്നാണ്. കേന്ദ്രസർക്കാർ തീർച്ചയായും പ്ലാൻ ബി ആവിഷ്കരിക്കേണ്ടതുണ്ടെന്നും രാഹുൽ പറയുന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ചില സംസ്ഥാനങ്ങളിൽ പ്രതിസന്ധി മറികടക്കുന്നതിനായി പാവപ്പെട്ട ജനങ്ങളുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യുകയാണ്. ഞങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ പിന്തുണയില്ലാതെ സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായിട്ടുണ്ട്. കോൺഗ്രസ് സർക്കാർ അതിഥി തൊഴിലാളികളെയും കർഷകരെയും പിന്തുണയ്ക്കുന്നുണ്ട്. ഞങ്ങൾ അവർക്ക് പണം നൽകുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല.












Click it and Unblock the Notifications