ഡാം ഭരിക്കാനല്ല, ജനങ്ങളുടെ സുരക്ഷ നോക്കാനാണ് കോടതി; മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീം കോടതി
ഇടുക്കി; മുല്ലപ്പെരിയാറിൽ ജനങ്ങളുടെ സുരക്ഷയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി. ഡാം ഭരിക്കാനല്ല മറിച്ച് സുരക്ഷാ വിഷയങ്ങളിൽ തിരുമാനം എടുക്കാനാണ് കോടതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കവേയാണ് കോടതിയുടെ പ്രതികരണം.
ജലനിരപ്പ് , നീരൊഴുക്ക് തുടങ്ങിയ ഭരണപരമായ പ്രശ്‌നങ്ങൾ വിദഗ്ധ സമിതി പരിശോധിക്കുമെന്നും അണക്കെട്ടിന്റെ ഭരണത്തിലേക്ക് കോടതി കടക്കില്ലെന്നും ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജികളിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. എതൊക്കെ വിഷയങ്ങളിൽ വാദം കേൾക്കണം എന്ന കാര്യത്തിൽ രണ്ട് സംസ്ഥാനങ്ങളുടേയും അഭിഭാഷകർ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാദം കേൾക്കുന്നത് മാറ്റിയത്. ഫെബ്രുവരി രണ്ടാം വാരത്തിൽ ഹർജികൾ വീണ്ടും പരിഗണിക്കും.

അതിനിടെ പരിഗണിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ധാരണയിലെത്താനും കോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അടുത്ത മാസം നാലിന് മുൻപ് കാര്യങ്ങൾ നിർദ്ദേശിക്കണമെന്നാണ് കോടതി അറിയിച്ചത്.പരിഗണന വിഷയങ്ങള്‍ തയ്യാറാക്കാന്‍ വിവിധ കക്ഷികളുടെ അഭിഭാഷകരോട് യോഗം ചേരണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും കോടതിയെ സമീപിക്കരുതെന്നും കോടതിയെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കരുതെന്നും നേരത്തേ വാദം കേൾക്കവേ ഇരു സംസ്ഥാനങ്ങളോടും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾ സമവായത്തിലൂടെ തീരുമാനങ്ങൾ എടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് താഴ്‌വാരത്തുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് കാണിച്ച് കേരളം നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ പ്രതികരണം. വെള്ളം തുറന്നുവിടാൻ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് തമിഴ്‌നാട് അറിയിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.അതേസമയം അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടേണ്ടതിന്റെ ആവശ്യകതയും എപ്പോൾ എങ്ങനെ തുറന്നുവിടണമെന്നതും മേൽനോട്ട സമിതിയാണ് പരിഗണിക്കേണ്ടതെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications