'ശക്തമായ വാദങ്ങൾ ഇല്ലെങ്കിൽ കോടതികൾക്ക് ഇടപെടാനാകില്ല'; വഖഫ് ഹർജികളിൽ സുപ്രീം കോടതി
ശക്തമായ വാദങ്ങൾ ഉയർത്താൻ സാധിച്ചില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരമാണ്. അതുകൊണ്ട് തന്നെ വ്യക്തവും ശക്തവുമായ വാദം ഉന്നയിക്കപ്പെടുന്നത് വരെ കോടതികൾക്ക് ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതിയുടെ പ്രതികരണം.
നേരത്തേ ഹർജികൾ പരിഗണിച്ച കോടതി മൂന്ന് കാര്യങ്ങളാണ് ഉയർത്തിക്കാട്ടിയത്. ഉപയോഗത്തിലൂടെയുള്ള വഖഫ് (വഖഫ് ബൈ യൂസർ), വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത്, സർക്കാർ ഭൂമി വഖഫ് സ്വത്തായി തിരിച്ചറിയുന്നത് എന്നിവയാണ് തർക്കവിഷയമായത്. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം കൈക്കൊള്ളുമെന്നായിരുന്നു അന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്.

ഈ മൂന്ന് വിഷയങ്ങളിലും കേന്ദ്രം മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ന് ഹർജി പരിഗണിക്കവെ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ തങ്ങളുടെ രേഖമൂലമുള്ള ഹർജികളിൽ മറ്റ് പല കാര്യങ്ങളും പരാതിക്കാർ ഉയർത്തിയിട്ടുണ്ടെന്നും കോടതി ഈ മൂന്ന് വിഷയങ്ങളിൽ മാത്രം ഇടപെടണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ശക്തമായ എതിർപ്പാണ് ഹർജിക്കാരുടെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ഇതിനെതിരെ ഉയർത്തിയത്.
മുൻ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന തങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നാണ് തീരുമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് വിഷയങ്ങളിൽ മാത്രം വാദം പരിമിതപ്പെടുതാൻ സാധിക്കില്ലെന്ന് അഭിഭാഷകർ ചണ്ടിക്കാട്ടി.
വഖഫ് ഭൂമികൾ പിടിച്ചെടുക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നിയമം. ' കുറഞ്ഞത് അഞ്ച് വർഷമായി ഇസ്ലാം പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാനാകൂ. മരണക്കിടക്കിയിൽ കിടക്കുമ്പോൾ വഖഫ് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ മുസ്ലീമാണെന്ന് തെളിയിക്കണം, ഇത് അന്യായവും ഭരണഘടന വിരുദ്ധവുമാണ്', സിബൽ പറഞ്ഞു. ഇതിന് മറുപടിയായിട്ടായിരുന്നു ചീഫ് ജസ്റ്റിസ് ആർഎസ് ഗവായ് കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് പ്രതികരിച്ചത്. 'പാർലമെന്റ് പാസാക്കിയ നിയമത്തിന് ഭരണഘടനാ സാധുതയുണ്ട്. വ്യക്തമായ ഒരു വാദം ഉയർത്താതെ കോടതികൾക്ക് ഇടപെടാൻ കഴിയില്ല, പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ കൂടുതൽ പറയാൻ സാധിക്കില്ല', ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേരളവും കക്ഷി ചേർന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാല്‍ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്നും വഖഫ് ആയതിന് ശേഷം അതിന്റെ സ്വഭാവം മാറ്റാനുള്ള അധികാരം വഖഫിനോ വ്യക്തികൾക്കോ ഇല്ലെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications