ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ രണ്ട് വകഭേദങ്ങള്‍ കൂടി; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രാലയം
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ കൊറോണ വൈറസിന്റെ എന്‍ബി.1.8.1. എല്‍എഫ്.7 എന്നീ വകഭേദങ്ങള്‍ കണ്ടെത്തിയതായി ഇന്‍സാകോഗ് ഡാറ്റ അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും പുതിയ കൊറോണ വൈറസ് കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആന്ധ്രാ പ്രദേശില്‍ നാലെണ്ണവും തെലങ്കാനയില്‍ ഒരു കേസും സ്ഥിരീകരിച്ചു, ബെംഗളൂരുവിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കഴിഞ്ഞ 20 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചു. മെയ് മാസത്തില്‍ മാത്രം കേരളത്തില്‍ 273 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം കൂടുതല്‍ പരിശോധനകള്‍ നടത്തിയതോടെ, ഉത്തരാഖണ്ഡ് സംസ്ഥാന ആരോഗ്യ വകുപ്പ് പല ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി രോഗബാധിത സംസ്ഥാനങ്ങളില്‍ എല്ലാം പ്രതിരോധ നടപടികള്‍ ശക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചു.
കൊവിഡ് ഇപ്പോള്‍ മറ്റൊരു തരം വൈറല്‍ അണുബാധയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കൈയും മുഖവും ശുചിയായി സൂക്ഷിക്കല്‍, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, അനാവശ്യമായ ഒത്തുചേരലുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ ഇപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2025 മെയ് മുതല്‍, ലോകാരോഗ്യ സംഘടന കൊവിഡിന്റെ LF.7, NB.1.8 എന്നീ ഉപ വകഭേദങ്ങളെ നിരീക്ഷിക്കുന്നുണ്ട്.
ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകുന്നത് ഇവയാണ് എന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇന്‍സാകോഗിന്റെ (ഇന്ത്യന്‍ സാര്‍സ് കോവ് 2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) ഡാറ്റ അനുസരിച്ച്, ഏപ്രിലില്‍ തമിഴ്നാട്ടില്‍ NB.1.8.1 ന്റെ ഒരു കേസ് തിരിച്ചറിഞ്ഞിരുന്നു. മെയ് മാസത്തില്‍ ഗുജറാത്തില്‍ LF.7 ന്റെ നാല് കേസുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍, ഏറ്റവും സാധാരണമായ വകഭേദം JN.1 ആയി തുടരുന്നു, പരിശോധിച്ച സാമ്പിളുകളുടെ 53 ശതമാനവും ഇതാണ്. തുടര്‍ന്ന് BA.2 (26 ശതമാനം), മറ്റ് ഒമിക്രോണ്‍ ഉപവിഭാഗങ്ങള്‍ (20 ശതമാനം) എന്നിവ ഉള്‍പ്പെടുന്നു. അതേസമയം രാജ്യത്ത് പലയിടത്തും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണത്തിലാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications