ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നു; പരീക്ഷ കേന്ദ്രങ്ങൾ മാറ്റിയ സിബിഎസ്ഇ തീരുമാനത്തിൽ ആശങ്ക
ദില്ലിയിലും എൻ സി ആർ മേഖലയിലും സ്കൂളുകളിൽ കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സി ബി എസ് ഇ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ആശങ്ക. മെയ് മാസമാണ് പരീക്ഷ ആരംഭിക്കുന്നത്. കേസുകൾ ഇതേ നിലയിൽ ഉയർന്നാൽ പരീക്ഷാ നടത്തിപ്പിനെ ബാധിക്കുമോയെന്നതാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആകുലതപ്പെടുന്നത്.

10,12 ക്ലാസ് പരീക്ഷകളുടെ ടേം ഒന്നിൽ നിന്നും വ്യത്യസ്തമായി ടേം 2 പരീക്ഷകൾക്ക് പഠിക്കുന്ന സ്കൂളുകളിൽ നിന്ന് മാറി മറ്റ് സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഹോം സ്കൂളുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതെന്ന് സി ബി എസ് ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. നടപടിക്കെതിരെ മെഡിക്കൽ വിദഗ്ദരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കൊവിഡ് കേസുകൾ ഉയരുമ്പോൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് സുരക്ഷയെ ബാധിക്കുമെന്ന് രക്ഷിതാക്കളും ആരോഗ്യ വിദഗ്ദരപം ചൂണ്ടിക്കാട്ടുന്നു. ഹോം സ്കൂളുകൾ നിയന്ത്രിതവും പരിചിതവുമായ അന്തരീക്ഷമായിരിക്കും വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുക. മാത്രമല്ല മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് പരസ്പരം അറിയാമെന്നതിനാലും നിലവിലെ രീതിയിലെ കൊവിഡ് ഗൈഡ് ലൈനുകൾ പാലിക്കപ്പെടും. എന്നാൽ ഇവയെല്ലാം പുറത്തുള്ള കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ എത്രമാത്രം പാലിക്കപ്പെടുമെന്നതാണ് ഉയരുന്ന ചോദ്യം.
പല വിദ്യാർത്ഥികളും കഴിഞ്ഞ രണ്ട് വർഷമായി സ്കൂശിൽ നേരിട്ട് എത്തുന്നില്ല. കൊവിഡ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടെ ഓഫ് ലൈൻ പരീക്ഷകൾ നടത്തുന്നതിലും പല രക്ഷിതാക്കൾക്കും എതിർപ്പുണ്ട്. ടേം-1 പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ ഫലം വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. സിബിഎസ്ഇ ടേം-2 പരീക്ഷകൾ നടത്തിയാലും, ഹോം-സെന്റർ അന്തരീക്ഷം വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പല സ്‌കൂളുകളിലും, വാക്‌സിനേഷൻ എടുത്ത വിദ്യാർത്ഥികൾക്കിടയിൽ പോലും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉളളത്.ബോർഡ് പരീക്ഷയെഴുതുന്ന കുട്ടികളിൽ രോഗം പടരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
രാജ്യത്ത് 949 പുതിയ കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 949 പേർക്ക്. 810 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,07,038 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76%. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,191 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 3,67,213 പരിശോധനകൾ നടത്തി. 83.11 കോടിയിൽ അധികം (83,11,77,370) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.25 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.26 ശതമാനമാണ്.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 186.30 കോടി (1,86,30,62,546) കടന്നു. 2,26,50,313 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇതുവരെ 2.38 കോടിയിൽ (2,38,56,478) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 86,341 മുൻകരുതൽ ഡോസുകളാണ് ഇതുവരെ നൽകിയത്. 2 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആണ് ആരംഭിച്ചത്. 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസ് ഏപ്രിൽ 10 മുതലും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 192.27 കോടിയിൽ അധികം (1,92,27,23,625) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
20.69 കോടിയിൽ അധികം (20,69,39,951) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications