ഫോണിലെ കൊവിഡ് അറിയിപ്പ് പിന്‍വലിച്ചേക്കും; നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് അറിയിപ്പുകള്‍ നീക്കം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിന് കത്ത് അയച്ചതായാണ് വിവരം. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അറിയിപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (സി ഒ എ) നിന്നും മൊബൈല്‍ വരിക്കാരില്‍ നിന്നും ഇതുവരെ ലഭിച്ച പിന്തുണയെ കുറിച്ച് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ആവശ്യത്തോട് ആരോഗ്യ മന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്ത് കൊവിഡ് സാഹചര്യം ഭേദപ്പെട്ട നിലയിലായതിനാല്‍ ഫോണിലൂടെയുള്ള ബോധവല്‍ക്കരണം ഇനി തുടരേണ്ടതില്ല എന്നാണ് ആരോഗ്യ മന്ത്രാലയവും കരുതുന്നത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ടെലികോം സേവനദാതാക്കള്‍, ഫോണുകളില്‍ കോള്‍ കണക്ട് ആകുന്നതിനു മുന്‍പ് കോവിഡ് ബോധവല്‍ക്കരണ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. രണ്ട് വര്‍ഷമായി ഇത് തുടരുന്നു. കൊവിഡ് സമയത്ത് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ചുമാണ് അറിയിപ്പ് പുറപ്പെടുവിക്കുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നു എന്നാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നത്. വൈറല്‍ രോഗത്തിനെതിരായ സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജന അവബോധം പ്രചരിപ്പിക്കുന്നതിനുള്ള മറ്റ് നടപടികള്‍ തുടരുമ്പോഴും രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ ഓഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്യുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

നേരത്തെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് പറഞ്ഞിരുന്നു. ഇത് പ്രകാരം മാസ്‌ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ പാലിച്ചില്ലെങ്കില്‍ കേസെടുക്കാന്‍ പാടില്ല. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം നേരത്തെ നല്‍കിയ മാസ്‌ക് ഉപയോഗം, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വ്യാപനം തടയാന്‍ 2020 ല്‍ മാസ്‌കും ആള്‍ക്കൂട്ടവും അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 -ന് അവസാനിച്ചു. എന്നാല്‍ മാസ്‌ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യ ഇതിനോടകം 80 കോടിയോളം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. രാജ്യ വ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 181.89 കോടി ഡോസ് നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,30,19,453 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സജീവ കേസുകളുടെ എണ്ണം 16,187 ആയി കുറഞ്ഞു. മൊത്തം അണുബാധയുടെ 0.04 ശതമാനം സജീവമായ കേസുകളാണ്. രോഗമുക്തി നിരക്ക് 98.75 ശതമാനമായി രേഖപ്പെടുത്തി. തലേദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 554 കേസുകളുടെ കുറവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവുമാണ് രേഖപ്പെടുത്തിയത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications