
കോവിഡ് വാക്സിൻ; രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള സമയം കുറക്കാൻ നിർദേശവുമായി എൻടിജിഐ
ഡൽഹി: കൊറോണ വൈറസ് അണുബാധക്കെതിരായ വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള സമയം കുറക്കാൻ നിർദേശവുമായി നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിജിഐ) സർക്കാർ ഉപദേശക സമിതി സ്റ്റാൻഡിംഗ് ടെക്‌നിക്കൽ സബ് കമ്മിറ്റി (എസ്‌ടിഎസ്‌സി). നിലവിൽ ഇവ തമ്മിലുള്ള സമയ വ്യത്യാസം ഒമ്പത് മാസമാണ്. ഇത് ആറ് മാസമായി കുറക്കണം എന്നാണ് നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് പതിനെട്ട് വയസുകഴിഞ്ഞ എല്ലാവർക്കും മുൻകരുതൽ ഡോസുകൾ ലഭ്യമാണ്.
വിഷയത്തിൽ ജൂൺ 29ന് എൻടിജിഐ അന്തിമ തീരുമാനം എടുക്കും. വ്യാഴാഴ്ച ഇതിനെ സംബന്ധിച്ച് വിശദമായ യോ ഗം നടത്തിയിരുന്നു. എന്നാൽ 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ സംബന്ധിച്ച ചർച്ച ഈ യോ ഗത്തിൽ ഉൾപ്പെട്ടിരുന്നില്ല. നേരത്തെ വിദേശയാത്രക്ക് പോകുന്ന ഇന്ത്യൻ പൗരൻമാരുടെ രണ്ടാം ഡോസിന് ശേഷമുള്ള മുൻകരുതൽ ഡോസിന്റെ സമയ ഇടവേള കുറഞ്ഞത് 90 ദിവസമായി ഇന്ത്യൻ സർക്കാർ കുറച്ചിരുന്നു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ ഡോസ് സ്വീകരിക്കാൻ കേന്ദ്രം അനുവാദം നൽകിയിട്ടും വളരെ കുറച്ചുപേർ മാത്രമാണ് മൂന്നാം ഡോസ് സ്വീകരിച്ചിരിക്കുന്നത്. അതേ സമയം സമയ ഇടവേള കുറക്കണമോ എന്ന കാര്യത്തിൽ വിദഗ്ദർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉള്ളത്.
അതിനിടെ രാജ്യത്ത് കോവിഡ് കുതിച്ചുയരുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,847 പുതിയ കോവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 4,32,70,577 ആയി. പതിനാല് പുതിയ മരണങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,24,817 ആയി ഉയർന്നു. 7,985 പേർക്കാണ് പുതിയതായി രോ ഗം ഭേദമായത്. ഇതോടെ രാജ്യത്തുടനീളം സുഖം പ്രാപിച്ചവരുടെ എണ്ണം 4,26,82,697 ആയി. ഇന്ത്യയുടെ വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 98.64 ശതമാനമാണ്.
നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 63,063 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കേസുകളുടെ എണ്ണത്തിൽ 4,848 വർദ്ധനവ് രേഖപ്പെടുത്തി. പുതിയതായി മഹാരാഷ്ട്രയിൽ 4,255 കേസുകളും, കേരളത്തിൽ 3,419 കേസുകളും, ഡൽഹിയിൽ 1,323 കേസുകളും, കർണാടകയിൽ 833 കേസുകളും, ഹരിയാന 625 കേസുകളും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 81.37 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ തന്നെ 33.12 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.