കോവിഡ് വാക്സിൻ രജിസ്ട്രേഷൻ: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ഡിജിറ്റൽ സാക്ഷരതയുള്ളവർ പോലും വാക്സിൻ സ്ലോട്ടുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകയാണെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യുന്നതിന് സുഹൃത്തുക്കളുടെ സഹായം തേടാമെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഡിജിറ്റൽ സാക്ഷരതയുള്ളവർ പോലും വാക്സിൻ സ്ലോട്ടുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

"18-44 വയസ്സിനിടയിലുള്ള ഈ രാജ്യത്തെ വലിയൊരു ജനസംഖ്യയ്ക്ക് വാക്സിനേഷൻ നൽകുന്നതിന് ഒരു ഡിജിറ്റൽ പോർട്ടലിനെ മാത്രം ആശ്രയിക്കുന്ന നയത്തിന് ഡിജിറ്റൽ വിഭജനം കാരണം സാർവത്രിക രോഗപ്രതിരോധ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത്. ഇത് സമത്വത്തിനുള്ള മൗലികാവകാശത്തിനും മുകളിൽ പറഞ്ഞ പ്രായത്തിലുള്ളവരുടെ ആരോഗ്യത്തിനുള്ള അവകാശത്തിനും മേലുള്ള ലംഘനമാണ്," സുപ്രീംകോടതി നിർദേശിച്ചു.
2018 ലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് സർവേ ഉദ്ധരിച്ച സുപ്രീംകോടതി ഗ്രാമീണ മേഖലയിൽ നാല് ശതമാനം ആളുകൾക്ക് മാത്രമാണ് കമ്പ്യൂട്ടർ ഉള്ളുവെന്ന് ചൂണ്ടികാട്ടി. നഗര പ്രദേശങ്ങളിൽ ഇത് 23 ശതമാനവുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് കാണിക്കുന്നത് ഗ്രാമീണ മേഖലയിലെ വയർലെസ് ടെലി സാന്ദ്രത 57.13 ശതമാനമാണ്, 2019 മാർച്ച് 31 ലെ കണക്കനുസരിച്ച് നഗരപ്രദേശങ്ങളിൽ ഇത് 155.49 ശതമാനമായിരുന്നു. ഇത് ടെലികോമിന്റെ കാര്യത്തിൽ ഗ്രാമ-നഗര വിഭജനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം സർക്കാർ നയങ്ങൾ പൗരന്മാരുടെ അവകാശത്തിൽ കടന്നുകയറിയാൽ മിണ്ടാതിരിക്കാൻ കോടതികളെ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിന്റെ കോവിഡ് വാക്സിൻ നയത്തെ ചോദ്യംചെയ്തുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യങ്ങളിൽ സർക്കാർ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി.












Click it and Unblock the Notifications