സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് 8 പുതുമുഖങ്ങൾ; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പടിയിറങ്ങും, പിണറായിക്ക് ഇളവ്
മധുര: പാർട്ടിയുടെ നേതൃനിരയിൽ സുപ്രധാന മാറ്റത്തിന് തുടക്കമിട്ട് കൊണ്ട് സിപിഎം പിബിയിലേക്ക് എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കൂടുതൽ പുതിയ മുഖങ്ങൾ പിബിയിലേക്ക് വരുന്നത്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ് നേതാക്കളെ പുതുതായി പിബിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
യു വാസുകി, വിജു കൃഷ്‌ണൻ, മറിയം ധവാലെ, ശ്രീദീപ് ഭട്ടാചാര്യ, അമ്ര റാം, കെ ബാലകൃഷ്‌ണൻ, അരുൺ കുമാർ, ജിതേന്ദ്ര ചൗധരി എന്നിവരാണ് പോളിറ്റ് ബ്യൂറോയിലെ പുതിയ അംഗങ്ങൾ. ഇതിൽ വിജു കൃഷ്‌ണൻ മലയാളിയാണ്. ഇവർ ഉൾപ്പെടെ ആകെ പതിനെട്ട് അംഗ പിബിയാണ് നിലവിൽ വന്നത്. അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒഴിവും, പ്രായപരിധി കാരണം ആറ് പേരുടെ ഒഴിവുമായിരുന്നു പിബിയില്‍ ഉണ്ടായിരുന്നത്.

പോളിറ്റ് ബ്യൂറോയിൽ നിന്ന് രാജിവച്ച ശേഷം പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ എന്നിവരെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐ (എം) ന്റെ 24-ാമത് പാർട്ടി കോൺഗ്രസിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐഎമ്മിന്റെ ബഹുജന അടിത്തറ നഷ്‌ടപ്പെടുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വന്നിരിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രമാണ് പാർട്ടിക്ക് അധികാരമുള്ളത്. ത്രിപുരയും ബംഗാളും പഴയ പ്രതാപം നശിച്ച നിലയിലാണ്. ഒരു തിരിച്ചുവരവാണ് പാർട്ടി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉറപ്പാണ്.
അതേസമയം, കഴിഞ്ഞ തവണ അനുവദിച്ചത് പോലെ ഇത്തവണയും പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയതിനാല്‍ അദ്ദേഹം പോളിറ്റ് ബ്യൂറോയില്‍ തുടരും. സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്‌ണൻ എന്നിവരും സ്ഥാനമൊഴിഞ്ഞ പിബി അംഗങ്ങളിൽ ഉൾപ്പെടുന്നു. ഇവരെ കൂടാതെയാണ് ബൃന്ദയും പ്രകാശ് കാരാട്ടും മാണിക് സർക്കാരും സ്ഥാനമൊഴിഞ്ഞത്.
കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍, പുത്തലത്ത് ദിനേശന്‍, കെഎസ് സലീഖ എന്നിവരെയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര കമ്മിറ്റിയില്‍ പികെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തിരുന്നു. ഇഎംഎസിന് ശേഷം പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് ബേബി. പോളിറ്റ് ബ്യൂറോയിൽ എട്ട് അംഗങ്ങൾ അദ്ദേഹത്തെ അനുകൂലിച്ചപ്പോൾ അഞ്ച് പേർ എതിർത്തിരുന്നു.












Click it and Unblock the Notifications