സൈബർ ആക്രമണവും വധഭീഷണിയും; ഫേസ്ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിന് പരാതി നൽകി
ദില്ലി; സൈബർ ആക്രമണത്തെ തുടർന്ന് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിൽ പരാതി നൽകി. തനിക്കെതിരെ സൈബർ ആക്രമണവും വധഭീഷണിയും ഉയർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി പോലീസിനാണ് അങ്കി ദാസ് പരാതി നൽകിയത്. ഫേസ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാത്ത ഇന്ത്യയിലെ ഫേസ്ബുക്ക് നയത്തിനെതിരെ വാൾസ്ട്രീറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം കടുത്തതെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് ഇന്ത്യൻ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വികലമായി പ്രസിദ്ധീകരിച്ച് ഇവ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും അങ്കി ദാസ് പരാതിയിൽ പറയുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണിമുഴക്കിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും അങ്കി ദാസ് പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.'ഫേസ്ബുക്കിന്റെ വിദ്വേഷ ഭാഷണ നിയമങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയവുമായി ഏറ്റുമുട്ടുന്നു' എന്ന തലക്കെട്ടോടെ യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണൽ ആഗസ്റ്റ് 14 ന് പുറത്തുവിട്ട റിപ്പോർട്ടാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

Recommended Video
ഇന്ത്യയിലെ പോളിസി ഡയറക്ടർ അങ്കി ദാസ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾക്കെതിരെ കണ്ണടച്ചെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിദ്വേഷ പ്രചരണം നടത്തിയ കുറഞ്ഞത് 4 ബിജെപി നേതാകൾക്കെതിരേയും ഗ്രൂപ്പുകൾക്കെതിരേയും നടപടിയെടുത്തില്ലെന്നാായിരുന്നു റിപ്പോർട്ട്. രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും എന്ന് ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎൽെയായ ടിജി രാജാ സിംഗിനെതിരെ ഫേസ്ബുക്ക് മാനദണ്ഡങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടും അതിന് അങ്കി ദാസ് തയ്യാറായില്ലത്രേ. ഇപ്പോഴും അദ്ദേഹത്തിന് വെരിഫൈഡ് അക്കൗണ്ട് ഉണ്ടെന്നും വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വാർത്ത പുറത്തുവന്നതോടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ വാട്സ് ആപിനേയും ഫേസ്ബുക്കിനേയും നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും ബിജെപി പ്രചരിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. അക്രമണത്തേയും വിദ്വേഷ പ്രചരണങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കില്ലെന്നതാണ് തങ്ങളുടെ ആഗോളനയം എന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications