നാശം വിതച്ച് റെമാൽ; മിസോറാമിൽ മണ്ണിടിച്ചിലിൽ 12 മരണം, അസമിൽ 2 മരണം
ഐസോൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ മിസോറാമിൽ കനത്ത നാശനഷ്ടമുണ്ടായി. വിവിധയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചതായാണ് വിവരം. ഐസോൾ ജില്ലയിലെ ക്വാറിയിൽ ഉണ്ടായ മണ്ണിടിച്ചിലാണ് 12 പേർക്ക് ജീവൻ നഷ്ടമായത്. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം.
തലസ്ഥാനമായ ഐസോളിൻ്റെ തെക്ക് ഭാഗത്ത്, മെൽത്ത്, ഹ്ലിമെൻ പ്രദേശങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പ്രിന്റിനോട് പറഞ്ഞു. ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്, ഇനിയും നിരവധി മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കാമെന്ന് പോലീസ് പറയുന്നു.

വടക്കുകിഴക്കൻ മേഖലകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ട്, തലസ്ഥാനമായ ഐസോളിൽ ഉൾപ്പെടെ മിസോറാമിൻ്റെ ചില ഭാഗങ്ങളിൽ റെമാൽ മണ്ണിടിച്ചിലിന് കാരണമായതായി സംസ്ഥാന ദുരന്ത നിവാരണ, പുനരധിവാസ വകുപ്പിലെ (ഡി എം ആൻഡ് ആർ) ഉദ്യോഗസ്ഥർ അറിയിച്ചു.
"മിസോറാമിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും സൃഷ്ടിച്ച നാശം കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഞങ്ങൾ കണ്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാണ് മന്ത്രി കെ സപ്ദംഗ പറഞ്ഞത്. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് പോലീസ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആയി 15 കോടി രൂപയും മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം നൽകുമെന്നും മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ വ്യക്തമാക്കി. ഞായറാഴ്ച രാത്രി ബംഗാൾ, ബംഗ്ലാദേശ് തീരത്ത് കരകയറിയ റെമാൽ ചുഴലിക്കാറ്റിൽ ഉണ്ടായ മണ്ണിടിച്ചിൽ ദേശീയ പാത -6 ൽ തടസ്സമുണ്ടാക്കി.
കൂടാതെ, നിരവധി അന്തർസംസ്ഥാന ഹൈവേകളും കല്ലുകൾ വീണ് തടസ്സപ്പെട്ടിട്ടുണ്ട്, ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. ശക്തമായ കാറ്റും മഴയും കാരണം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും ചൊവ്വാഴ്ച അവധി നൽകിയിരുന്നു.
സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ ഓഫീസുകളും സ്‌കൂളുകളും അടച്ചിടാൻ സംസ്ഥാന ദുരന്ത വകുപ്പുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. അതേ സമയം അസമിൽ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് രണ്ട് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.












Click it and Unblock the Notifications