ദലൈലാമയുടെ ജീവന് ഭീഷണി; സുരക്ഷ സെഡ് കാറ്റഗറിയിലേക്ക് ഉയർത്തി കേന്ദ്രം
ഡൽഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി ആർ പി എഫിനായിരിക്കും സുരക്ഷാ ചുമതല. ധരംശാലയിൽ 24 മണിക്കൂറും മറ്റിടങ്ങളിലേക്കുള്ള സന്ദർശന വേളയിലും 33 സുരക്ഷ ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തെ അനുഗമിക്കും.
സുരക്ഷ ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് സി ആർ പി എഫ് വിശദമായ സുരക്ഷ ഓഡിറ്റ് ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ഹിമാചൽ പ്രദേശ് പോലീസാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയിലും പോലീസ് സംഘം തന്നെയാണ് സുരക്ഷ നൽകുന്നത്.

2020 ലാണ് ഹിമാചൽ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുത്തത്. ദലൈലാമയുടെ വിവരങ്ങൾ ശേഖരിക്കൻ കൈക്കൂലി നൽകി ആളുകളെ ചുമതലപ്പെടുത്തിയ ചൈനീസ് ചാരൻ ചാർലി പെങ് അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇത്.
ചൈനീസ് അധിനിവേശത്തിന് പിന്നാലെ 1989 മുതലാണ് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അന്ന് മുതൽ ഹിമാചലിലാണ് അദ്ദേഹം കഴിയുന്നത്. നേരത്തേയും അദ്ദേഹത്തിനെതിരെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു. ആ സമയ്ങളില്ലെല്ലാം തന്നെ കേന്ദ്രസർക്കാർ അദ്ദേഹത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
അതേസമയം ബി ജെ പി നേതാവ് സംബിത് പത്രക്കും കേന്ദ്രസർക്കാർ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. അദ്ദേഹം മണിപ്പൂർ സന്ദർശിക്കുന്ന വേളയിൽ ആയിരിക്കും സുരക്ഷ ലഭിക്കുക. മണപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ രാജിയുമായി ബന്ധപ്പെട്ട് സംബിത് പാത്രയ്ക്കാണ് പ്രശ്ന പരിഹാരത്തിനുള്ള ചുമതല കേന്ദ്രനേതൃത്വം നൽകിയിരിക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുടെ ഭാഗമായി സംബിത് പാത്ര സംസ്ഥാനത്ത് തുടരുകയാണ്.
ഇസഡ് കാറ്റഗറി വിഭാഗത്തിൽ സാധാരണയായി സായുധ കമാൻഡോകൾ ഉൾപ്പെടെ 35 മുതൽ 40 വരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. ഇവർ മൂന്ന് ഷിഫ്റ്റുകളിലായിട്ടായിരിക്കും സുരക്ഷ ഒരുക്കുക. സെഡ്, സെഡ് പ്ലസ്, വൈ, വൈ പ്ലസ്, എക്സ് കാറ്റഗറി സുരക്ഷകളാണ് സി ആർ പി എഫ് നിലവിൽ നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, അഡാർ പൂനാവാല തുടങ്ങിയ നേതാക്കൾക്ക് ഇപ്പോൾ സുരക്ഷ നൽകുന്നുണ്ട്.












Click it and Unblock the Notifications