15 രൂപയുടെ ബിസ്‌കറ്റിന് കടം പറഞ്ഞ ദളിത് ദമ്പതികളെ കടയുടമ വെട്ടിക്കൊന്നു
മെയ്ന്‍പുരി: കേവലം 15 രൂപയുടെ ബിസ്‌കറ്റിന്റെ വിലയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഉത്തര്‍ പ്രദേശിലെ മെയ്ന്‍പുരിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദരിദ്രരായ ദളിത് കുടുംബം ഒരു കടയില്‍ നിന്നും 15 രൂപയുടെ ബിസ്‌കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ വില കൊടുക്കാന്‍ ഒരു ദിവസം വൈകിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രണ്ടുദിവസം മുന്‍പാണ് ദമ്പതികള്‍ ബിസ്‌കറ്റ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ബിസ്‌കറ്റിന്റെ വിലയായ 15 രൂപ അടുത്തദിവസം തരാമെന്നായിരുന്നു കടക്കാരനോട് പറഞ്ഞത്. അടുത്തദിവസം ഇരുവരും ജോലിക്ക് പോകുമ്പോള്‍ കടക്കാരന്‍ അശോക് മിശ്ര പണം വീണ്ടും ചോദിച്ചു. ഇപ്പോള്‍ കൈയ്യിലില്ലെന്നും ഉടന്‍ നല്‍കാമെന്നും പറഞ്ഞതോടെ കടക്കാരന്‍ കുപിതനാകുകയായിരുന്നു.

തുടര്‍ന്ന് ദളിതരുമായി വാക്കുതര്‍ക്കമുണ്ടാവുകയും കൈയ്യിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. നാട്ടുകാരാണ് പിന്നീട് അശോക് മിശ്രയെ തിരഞ്ഞു കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്. കടയില്‍ വരുന്നവരോട് ഇയാള്‍ മോശമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഉന്നത ജാതിയിപ്പെടുന്നയാള്‍ ആയതുകൊണ്ടുതന്നെ ദളിതരോടുള്ള പെരുമാറ്റം ക്രൂരമായിരുന്നു. ദളിതര്‍ പ്രതിഷേധിച്ചേക്കുമെന്ന സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ അടുത്തിടെ നടന്ന ദളിത് പീഡനത്തിന്റെ പേരില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഉത്തര്‍ പ്രദേശിലും ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.












Click it and Unblock the Notifications