ദളിത് സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കി; 6 പേര്‍ അറസ്റ്റില്‍, ഒരാളെ വെടിവച്ച് വീഴ്ത്തി പോലീസ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ രണ്ട് ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഒരു പ്രതി ഓടി രക്ഷപ്പെട്ട വേളയില്‍ വെടിവച്ചുവെന്ന് പോലീസ് പറയുന്നു. ഇയാളെ പോലീസുകാര്‍ താങ്ങിപ്പിടിച്ച് കൊണ്ടുവരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട കുടുബം ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ലഖിംപൂരിലാണ് സംഭവം. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. സുഹൈല്‍, ജുനൈദ്, റഹ്മാന്‍, കരീമുദ്ദീന്‍, ആരിഫ്, ചോട്ടു എന്നിവരാണ് അറസ്റ്റിലായത്. ചോട്ടു പെണ്‍കുട്ടികളുടെ അയല്‍വാസിയാണ്. ഇയാളാണ് പ്രതികള്‍ക്ക് പെണ്‍കുട്ടികളെ പരിചയപ്പെടുത്തി കൊടുത്തതത്രെ. രണ്ടു പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവര്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വീടിന് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയ ശേഷം സുഹൈലും ജുനൈദുമാണ് ബലാല്‍സംഗം ചെയ്തത് എന്ന് ജില്ലാ പോലീസ് മേധാവി സഞ്ജീവ് സുമന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവര്‍ പ്രതികളെ സഹായിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സഹോദരിമാര്‍ സുഹൈലിനും ജുനൈദിനുമൊപ്പം ബൈക്കില്‍ കയറി പോയതായി തെളിഞ്ഞിട്ടുണ്ട്. എല്ലാവരും പരസ്പരം അറിയുന്നവരും സുഹൃത്തുക്കളുമായിരുന്നുവെന്നും പോലീസ് മേധാവി പറഞ്ഞു.
പാടത്ത് വച്ചാണ് ബലാല്‍സംഗം ചെയ്തത്. വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. ഈ വേളയില്‍ പെണ്‍കുട്ടികളുടെ വസ്ത്രം ഉപയോഗിച്ച ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കരീമുദ്ദീനും ആരിഫും പിന്നീട് പ്രതികളെ സഹായിക്കാന്‍ എത്തി. ഇവരാണ് മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം എന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ കുടുംബം പറയുന്നത് മറ്റു ചില കാര്യങ്ങളാണ്. പെണ്‍കുട്ടികളെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കൊല്ലപ്പെട്ടതായി കാണുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പാണ് തട്ടിക്കൊണ്ടുപോയത്. ബലം പ്രയോഗിച്ച് ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടികളുടെ മാതാവ് പ്രതികരിച്ചു. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മരത്തില്‍ തൂങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുറിവുകളൊന്നും ശരീരത്തിലില്ലായിരുന്നു.
ഗ്രാമീണര്‍ പോലീസിനെതിരെ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് വാഹനം ജനങ്ങള്‍ തടഞ്ഞു. നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2014ലും സമാനമായ സംഭവം യുപിയിലുണ്ടായിരുന്നു. ബദായൂനില്‍ ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് ഈ സംഭവം കാരണമായിരുന്നു.












Click it and Unblock the Notifications