മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞതിങ്ങനെ; 'ശ്വേത ഷോക്കായി'
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്. പ്രസിഡന്റായ ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനും രാജി വെച്ചതോടെ ഭരണ സമിതി പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയ വനിതകളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്കാണ് കാലാവധി പൂര്‍ത്തിയാകും മുമ്പെ ഒഴിയേണ്ടി വന്നത്.
നടിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അന്‍സിബ ഹസന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടി പറയാന്‍ ശ്വേത മേനോന് സാധിച്ചില്ല എന്നാണ് മാലാ പാര്‍വതി പ്രതികരിച്ചത്. ശ്വേതയുടെ പ്രതിരോധം ദുര്‍ബലമായിരുന്നു എന്നും എന്നാല്‍ അന്‍സിബയുടെ ചോദ്യവും പ്രതികരണവും വ്യക്തമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനാലാണ് ജനറല്‍ ബോഡിയില്‍ ആദ്യം ശ്വേതയെ പിന്തുണച്ച സ്ത്രീ അംഗങ്ങള്‍ പോലും പിന്നീട് നിലപാട് മാറ്റിയത് എന്നും അവര്‍ പറഞ്ഞു.

ഭരണപരിചയമില്ലാത്തതിന്റെ കുറവുള്ളതിനാല്‍ ശ്വേത മോനോന് അല്‍പം സമയം കൂടി കൊടുക്കാം എന്ന നിലപാടായിരുന്നു കെബി ഗണേഷ് കുമാര്‍ സ്വീകരിച്ചത്. അനൂപ് ചന്ദ്രന്‍, കൊല്ലം തുളസി എന്നിവരും മറ്റ് രണ്ടുപേരും ഒഴികെ ബാക്കി മുഴുവന്‍ അംഗങ്ങളും അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന് മനസിലാക്കി. ശ്വേത കണക്ക് ബോധ്യപ്പെടുത്തണമായിരുന്നു എന്ന് മുതിര്‍ന്ന അംഗം മല്ലിക സുകുമാരനും പറഞ്ഞു.
മുന്‍ പ്രസിഡന്റും സൂപ്പര്‍താരവുമായ മോഹന്‍ലാലിന്റെ നിലപാടും ഇന്നലെ നടന്ന യോഗത്തില്‍ ശ്രദ്ധേയമായി. മോഹന്‍ലാല്‍ ജമനറല്‍ ബോഡി യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. മുതിര്‍ന്ന അംഗമെന്ന നിലയിലും ഭരണസമിതിയെ ദീര്‍ഘനാളായി നയിച്ച ആള്‍ എന്ന നിലയിലും മോഹന്‍ലാല്‍ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്നും, ഇവര്‍ക്ക് 45 ദിവസത്തെ സമയം നല്‍കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.
മോഹന്‍ലാലും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് കൈക്കൊണ്ടത് എന്ന് മാലാ പാര്‍വതി പറഞ്ഞു. ജനറല്‍ ബോഡി എന്ത് തീരുമാനമാണോ എടുക്കുന്നത് അതിനൊപ്പം താനും നില്‍ക്കുമെന്ന് മോഹന്‍ലാല്‍ അസന്നിഗ്ധമായി വ്യക്തമാക്കി.
'നമ്മളൊക്കെ തമ്മില്‍ എന്തിനാണ് ഇങ്ങനെ വഴക്കടിക്കുന്നത്? എല്ലാവര്‍ക്കും ഞാന്‍ നല്ലൊരു ദിവസം ആശംസിക്കുന്നു. നമ്മളൊക്കെ ഒരു തണലുപോലെ വന്ന് പോകുന്നവരാണ്, ചെറിയ സമയത്തേക്കാണ് ഇവിടെയുള്ളത്. അതുകൊണ്ട്, അമ്മയുടെ ജനറല്‍ ബോഡിയുടെ തീരുമാനം എന്താണോ, അതിനൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്', എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാലിന്റെ നിലപാട് ഭരണസമിതിയ്ക്കും അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് കൂട്ടരാജി എന്നതിലേക്ക് പ്രസിഡന്റും സെക്രട്ടറിയും എത്തുന്നത്. രമേശ് പിഷാരടി അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും ഇനി അമ്മയെ നയിക്കുക. അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി നാല് മാസമാണെങ്കിലും തിരഞ്ഞെടുപ്പ് വരെ ഇനി ഈ കമ്മിറ്റിയായിരിക്കും സംഘടനയെ നയിക്കുന്നത്.















Click it and Unblock the Notifications