ഡൽഹി വായു മലിനീകരണം; ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടും
ഡൽഹി വായു മലിനീകരണം; ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടും
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാർ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകൾക്കാണ് ഇത് ബാധകം. നവംബർ 17 വരെയാണ് അടച്ചിടാൻ ഹരിയാന സർക്കാർ തീരുമാനിച്ചത്.

ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. വായു മലിനീകരണത്തിന്റെ പ്രതികൂല ആഘാതത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി നവംബർ 15 മുതൽ ഒരാഴ്ചത്തേക്ക് ഫിസിക്കൽ ക്ലാസുകൾ നിർത്തിവയ്ക്കാൻ ഡൽഹി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഹരിയാന സർക്കാരിന്റെ തീരുമാനം.
എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ഹരിയാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്, അതുവഴി റോഡുകളിൽ ഓടുന്ന വാഹനങ്ങളെങ്കിലും 30% കുറയ്ക്കാൻ കഴിയും. മലിനീകരണ സാഹചര്യം ഡൽഹിയോളം തന്നെ അപകടകരമായ ഈ നാല് ജില്ലകളിലും എല്ലാത്തരം നിർമാണ, വികസന പ്രവർത്തനങ്ങളും സർക്കാർ പൂർണമായി നിരോധിച്ചിട്ടുണ്ട്. "മുനിസിപ്പൽ ബോഡികൾ മാലിന്യം കത്തിക്കുന്നത് അനുവദിക്കില്ല, കുറ്റിക്കാടുകൾ കത്തിക്കുന്നത് നിരോധിക്കും. റോഡുകൾ സ്വമേധയാ തൂത്തുവാരുന്നത് അനുവദിക്കില്ല," ഉത്തരവിൽ പറയുന്നു.
സ്‌കൂളുകൾ അടച്ച് പൂട്ടുന്നതിന് പുറമെ, 100% വർക്ക് ഫ്രം ഹോം എന്നതിലേക്ക് മാറാൻ ഡൽഹി സർക്കാർ വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെടുകയും ഒരാഴ്ചത്തേക്ക് പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്വകാര്യ ഓഫീസുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഡൽഹിയിലെയും ഗുരുഗ്രാം ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെയും മലിനീകരണ സാഹചര്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വഷളായി, ഈ സീസണിലെ ഏറ്റവും മോശമായ വായു ഗുണനിലവാര സൂചിക വെള്ളിയാഴ്ച 471 ൽ എത്തി.
ശനിയാഴ്ച സുപ്രീം കോടതി സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തുകയും ആളുകൾ വീടുകളിൽ പോലും മുഖംമൂടി ധരിക്കുന്നുവെന്ന് പറഞ്ഞു. കൊവിഡ്-19 മഹാമാരി മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയ കുട്ടികളുടെ ദുരിതം ശ്രദ്ധയിൽ പെട്ട സുപ്രീം കോടതി ഉടൻ തന്നെ ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ സർക്കാരുകളോട് നിർദ്ദേശിച്ചു.
ശനിയാഴ്ച നോയിഡയിലെയും ഗുരുഗ്രാമിലെയും എകൃൂഐ ഡൽഹിയേക്കാൾ മോശമായിരുന്നു. നോയിഡയിൽ 587 ഉം ഗുരുഗ്രാം 557 ഉം രേഖപ്പെടുത്തി.ശാന്തമായ കാലാവസ്ഥ വായു മലിനീകരണം രൂക്ഷമാക്കിയതിനാൽ ഡൽഹി-എൻസിആറിന്റെ എക്യുഐ ഏതാനും ദിവസങ്ങൾക്കുള്ളിൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടിക്കഴിഞ്ഞാൽ, എകൃൂഐ ലെവൽ മെച്ചമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ചയ്ക്ക് ശേഷം മാത്രമേ സ്ഥിതിയിൽ പുരോഗതി ഉണ്ടാകൂവെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.












Click it and Unblock the Notifications