വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ പട്ടികയില്‍ പേരില്ല;അബ്ബാസ് ഖാന്റെയും മകന്റെയും പേര് വെട്ടി, ശര്‍മക്കും വോട്ടില്ല
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് തങ്ങള്‍ അറിയാതെ പേര് നീക്കം ചെയ്തുവെന്ന് വോട്ടര്‍മാരുടെ പരാതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ പേരുകള്‍ കാണാതായിരിക്കുന്നു. ചിലര്‍ പോളിങ് ബൂത്തില്‍ എത്തിയ ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്.
റജൗരി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് അസ്ഹര്‍ അബ്ബാസ് ഖാന്‍ എന്ന 58കാരന്‍. സര്‍വോദയ കന്യ വിദ്യാലയം നമ്പര്‍ 2വിലെ പോളിങ് ബൂത്തിലായിരുന്നു ഇദ്ദേഹത്തിന് വോട്ട്. ബൂത്തിലെത്തിയപ്പോഴാണ് പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞതെന്ന് അബ്ബാസ് ഖാനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 1989 മുതല്‍ റജൗരി ഗാര്‍ഡന്‍ മേഖലയില്‍ താമസിക്കുന്നവരാണ് അബ്ബാസും കുടുംബവും.

ഇവിടെ താമസമാക്കിയത് മുതല്‍ മിക്ക തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അബ്ബാസ് ഖാന്‍ പറയുന്നു. രാവിലെ 9.15ന് തന്നെ അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. അപ്പോഴാണ് പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. അടുത്തിടെ തന്റെ വിലാസം മാറിയതാകാം പേര് നീക്കാന്‍ കാരണം എന്ന് അബ്ബാസ് ഖാന്‍ സംശയിക്കുന്നു. അബ്ബാസ് ഖാന്റെ മകന്‍ ഇര്‍ഫാന്‍ ഖാന്റെ പേരും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അബ്ബാസ് ഖാന്‍ വോട്ട് ചെയ്തിരുന്നു. മയുര്‍ വിഹാറിലെ വോട്ടറാണ് നരിന്ദര്‍ ശര്‍മ. ഹിന്ദുസ്ഥാന്‍ ടൈംസ് അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ഇദ്ദേഹത്തിന്റേ പേരും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്. 2010 മുതല്‍ വോട്ട് ചെയ്യാറുണ്ടെന്നും ഇത്തവണ പേര് കാണുന്നില്ലെന്നും ശര്‍മ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഓണ്‍ലൈനില്‍ ശര്‍മ പരാതിപ്പെട്ടിരുന്നു. വീണ്ടും രജിസ്റ്റര്‍ ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതത്രെ. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശര്‍മ. വോട്ടര്‍ തിരച്ചറിയല്‍ കാര്‍ഡുമായി അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പേര് നീക്കുമ്പോള്‍ മെസ്സേജ് വരേണ്ടതാണ്. അതുണ്ടായില്ലെന്ന് ശര്‍മ പരിതപിക്കുന്നു.
വോട്ട് രേഖപ്പെടുത്തുക എന്നത് പൗരന്റെ അവകാശമാണ്. അതാണ് ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നതെന്നും ശര്‍മ പറഞ്ഞു. ശര്‍മയുടെ ഭാര്യയ്ക്ക് പക്ഷേ, വോട്ടുണ്ട്. പട്ടികയില്‍ നിന്ന് അവരുടെ പേര് നീക്കിയിട്ടില്ലെന്നും ശര്‍മ പറഞ്ഞു. അതേസമയം, ബിഹാറിലെ ദര്‍ഭംഗയില്‍ താമസിക്കുന്ന 74കാരനായ ദിബൂ സിങിന് വോട്ട് ഡല്‍ഹിയിലാണ്.
2004ല്‍ ആദ്യമായി ജോലി തേടി ഡല്‍ഹിയിലെത്തിയപ്പോള്‍ ദീബൂ സിങ് താമസിച്ചിരുന്നത് രജീന്ദര്‍ നഗറിലായിരുന്നു. അന്ന് മുതല്‍ ഇദ്ദേഹത്തിന് ഇവിടെ വോട്ടുണ്ട്. 2022ല്‍ ഡല്‍ഹിയിലെ താമസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു. പക്ഷേ, വോട്ടര്‍ പട്ടികയില്‍ പേരുണ്ട്. എല്ലാ തിരഞ്ഞെടുപ്പിനും ഡല്‍ഹിയിലെത്തി വോട്ട് രേഖപ്പെടുത്തുകയാണ് പതിവ് എന്ന് ദീബൂ സിങ് പറഞ്ഞു. പതിവായി ബിജെപിക്ക് വോട്ട് ചെയ്യുന്ന താന്‍ കുംഭമേളയില്‍ പങ്കെടുത്ത ശേഷമേ ഇനി നാട്ടിലേക്ക പോകൂവെന്നും സിങ് പറഞ്ഞു.












Click it and Unblock the Notifications