ചെങ്കോട്ട സ്‌ഫോടനം; ഡോ. ഉമറിനെ സഹായിച്ച കാശ്മീരി യുവാവ് അറസ്റ്റില്‍: കാര്‍ വാങ്ങിയത് ഇയാളുടെ പേരില്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനക്കേസില്‍ നിര്‍ണായക അറസ്റ്റുമായി എന്‍ഐഎ. ചാവേര്‍ ബോംബ് ആക്രമണം നടത്തിയ ഡോ. ഉമര്‍ നബിയുടെ അടുത്ത സഹായിയാണ് ദേശീയ തലസ്ഥാനത്ത് പിടിയിലായത്. ജമ്മു കാശ്മീര്‍ സ്വദേശി അമീര്‍ റാഷിദ് അലിയാണ് ഡല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.
നവംബര്‍ പത്തിന് നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ ഉമര്‍ നബിയെ സഹായിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമീര്‍ റാഷിദ് അലിയുടെ പേരിലാണ്.

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൈകിട്ട് ആറരയ്ക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഹ്യുണ്ടായി ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേര്‍ ആക്രമണത്തില്‍ 10 പേരോളം മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ അമീര്‍ റാഷിദ് അലിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാവേറാക്രമണം നടത്താന്‍ ഇയാള്‍ ഉമര്‍ നബിയുമായി ഗൂഢാലോചന നടത്തി എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ജമ്മു കശ്മീരിലെ പാംപോര്‍ സ്വദേശിയാണ് അറസ്റ്റിലായ അമീര്‍ റാഷിദ് അലി. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങാന്‍ അമീര്‍ ഡല്‍ഹിയിലേക്ക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടനത്തില്‍ മരിച്ച ഡോക്ടര്‍ ഉമര്‍ നബി തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജനറല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു ഡോക്ടര്‍ ഉമര്‍. പുല്‍വാമയില്‍ താമസിച്ചിരുന്ന ഇയാളെ സഹായിച്ചതിനാണ് അലിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ നടത്തിയ വിപുലമായ തിരച്ചിലിന് ഒടുവിലാണ് അമീര്‍ അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന. ഉമറിന്റെ മറ്റൊരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ഉള്‍പ്പെടെ 73 സാക്ഷികളെ എന്‍ഐഎ ഇതുവരെ വിസ്തരിച്ചു, കേസില്‍ കൂടുതല്‍ തെളിവുകള്‍ക്കായി വാഹനം പരിശോധിച്ചുവരികയാണ്.
ഭീകരവാദ ഘടകത്തിലെ നിര്‍ണായക കണ്ണികളെന്നു സംശയിക്കുന്ന, ഹരിയാനയിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഡല്‍ഹി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ വൈറ്റ് കോളര്‍ ഭീകരവാദത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എന്‍ഐഎ പുറത്തുവിടും.












Click it and Unblock the Notifications