ദില്ലി ബജറ്റിന് കേന്ദ്രത്തിന്റെ ചെക്ക്: അനുമതി ലഭിച്ചില്ല, ഇന്ന് ബജറ്റ് അവതരണമില്ല: കെജ്രിവാള്‍

ദില്ലി: ദില്ലി സർക്കാറിന്റെ വാർഷിക ബജറ്റ് അവതരണം ഇന്നുണ്ടായേക്കില്ല. കേന്ദ്ര സർക്കാർ ഇടപെട്ട് ബജറ്റ് അവതരണം നിർത്തിവെപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുതുതായി ചുമതലയേറ്റ ധനമന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചത്. തിങ്കളാഴ്ച നിയമസഭയില്‍ ധനമന്ത്രി സാമ്പത്തിക സർവേ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണത്തെ കേന്ദ്രം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വരുന്നത്. ബി ജെ പിക്കും കേന്ദ്ര സർക്കാറിനുമെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു.
കെജ്‌രിവാളിന്റെ പരാമർശം ഡൽഹി സർക്കാരും ആഭ്യന്തര മന്ത്രാലയവും ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസും തമ്മിൽ ആരോപണങ്ങളുടെ പുതിയ യുദ്ധത്തിന് തുടക്കമിട്ടു. " ഇത് കേള്‍ക്കുമ്പോള്‍ നിങ്ങൾ ഞെട്ടും. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. നാളെ രാവിലെ ഡൽഹി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ബജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. ഇന്ന് രാവിലെ ബജറ്റ് വരില്ല. ഡൽഹി സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല, ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം നൽകില്ല," ന്യൂസ് 18 ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് കെജ്രിവാൾ പറഞ്ഞു.

ചട്ടങ്ങൾ അനുസരിച്ച്, വാർഷിക സാമ്പത്തിക പ്രസ്താവന ലഫ്റ്റനന്റ് ഗവർണ്ണർക്ക് അദ്ദേഹത്തിന്റെ സമ്മതത്തിനും അഭിപ്രായങ്ങൾക്കുമായി അയയ്ക്കുന്നു. തുടർന്ന് അനുമതിക്കായി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുക്കും. മന്ത്രാലയം അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുന്നു, അതിനുശേഷം ബജറ്റ് ഡൽഹി സർക്കാരിന് അവതരിപ്പിക്കാം. എന്നാല്‍ ലഫ്റ്റനന്റ് ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാർച്ച് 9 ന് അദ്ദേഹം ചില നിരീക്ഷണങ്ങളോടെ വാർഷിക സാമ്പത്തിക പ്രസ്താവന അംഗീകരിച്ച് ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു.
ദേശീയ തലസ്ഥാന മേഖലയുടെ സാമ്പത്തിക താൽപ്പര്യം കണക്കിലെടുത്ത് നിർദിഷ്ട ബജറ്റിൽ ഭരണപരമായ ചില ആശങ്കകൾ ഗവർണ്ണർ ഉന്നയിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. തുടർ നടപടി സ്വീകരിക്കുന്നതിന്. കഴിഞ്ഞ നാല് ദിവസമായി സർക്കാറില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. ഡൽഹിയിലെ ജനങ്ങളുടെ പ്രയോജനത്തിനായി സർക്കാർ ഉടൻ ഒരു മറുപടി സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആശങ്കകൾ ചീഫ് സെക്രട്ടറി യഥാസമയം അറിയിച്ചിട്ടില്ലെന്നാണ് ഗഹ്ലോട്ട് പറയുന്നത്. : "മാർച്ച് 10 ന് പതിവ് രീതി പ്രകാരം ബജറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയച്ചു. ഡൽഹി സർക്കാരിന്റെ ബജറ്റിൽ മന്ത്രാലയം ചില ആശങ്കകൾ പ്രകടിപ്പിക്കുകയും കത്തിലൂടെ അനുമതി നൽകാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് ഇപ്പോൾ അറിയുന്നു.''- ഒരു പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
മാർച്ച് 17ന് ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രാലയം കത്ത് അയച്ചിരുന്നു. ദുരൂഹമായ കാരണങ്ങളാൽ ഡൽഹി ചീഫ് സെക്രട്ടറി കത്ത് മൂന്ന് ദിവസത്തേക്ക് മറച്ചുവെച്ചു. ഇന്ന് (തിങ്കളാഴ്‌ച) ഉച്ചയ്ക്ക് 2 മണിക്ക് മാത്രമാണ് ഞാൻ കത്തിനെ കുറിച്ച് അറിഞ്ഞത്. ഡൽഹി അസംബ്ലിയിൽ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം വൈകുന്നേരം 6 മണിക്ക് മാത്രമാണ് എംഎച്ച്എയുടെ കത്ത് അടങ്ങിയ ഫയൽ ഔദ്യോഗികമായി എന്റെ മുന്നിൽ വെച്ചത്. തുടർന്ന്, എംഎച്ച്‌എയുടെ ആശങ്കകളോട് ഞങ്ങൾ പ്രതികരിക്കുകയും മുഖ്യമന്ത്രിയുടെ അനുമതിക്ക് ശേഷം ഇന്ന് രാത്രി 9 മണിക്ക് ഫയൽ ഡൽഹിയിലെ എൽജിക്ക് തിരികെ സമർപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും പങ്ക് മറച്ച് വെക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബജറ്റ് തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. "രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന ബജറ്റ് തടസ്സപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഡൽഹിയിലെ ജനങ്ങളോട് ദേഷ്യം," അരവിന്ദ് കെജ്‌രിവാൾ കത്തില്‍ എഴുതി. "ദൽഹിയിലെ ജനങ്ങൾ തങ്ങളുടെ ബജറ്റ് പാസാക്കാൻ കൂപ്പുകൈകളോടെ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications