2500 ട്രാക്ടറുകളിലായി 25000 ത്തോളം കര്‍ഷകര്‍; ഡല്‍ഹി ചലോ ഇന്ന്, തലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: താങ്ങുവില അടക്കമുള്ള വിഷയത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്. 2,500 ട്രാക്ടര്‍ ട്രോളികളുമായി കര്‍ഷകര്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പഞ്ചാബിലെ സംഗ്രൂരില്‍ നിന്ന് ഹരിയാന വഴി ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എം എസ് പി സംബന്ധിച്ച് ധാരണയില്‍ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
സംഗ്രൂരിലെ മഹിളാ ചൗക്ക് ഗ്രാമത്തില്‍ ബേസ് ക്യാമ്പ് ആരംഭിച്ച കര്‍ഷകര്‍ അവശ്യ ഭക്ഷണ സാധനങ്ങള്‍ സംഭരിക്കുന്നത് ഉള്‍പ്പെടെയുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. പ്രതിഷേധം കണക്കിലെടുത്ത് മാര്‍ച്ച് 12 വരെ ഡല്‍ഹിയില്‍ ഉടനീളം വലിയ സമ്മേളനങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് നിരോധനം ഏര്‍പ്പെടുത്തി. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ഡല്‍ഹിയിലേക്കുള്ള റാലികളും ട്രാക്ടറുകളുടെ പ്രവേശനവും നിരോധിക്കുകയും വെടിയുണ്ടകളും കത്തുന്ന വസ്തുക്കളും, ഇഷ്ടികയും കല്ലും പോലുള്ള ആയുധങ്ങളും പെട്രോള്‍ ക്യാനുകളും സോഡയും കുപ്പിയും ശേഖരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗവും നിരോധിച്ചിട്ടുണ്ട്. കര്‍ഷകരുടെ മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡല്‍ഹി പൊലീസിന്റെ ബാരിക്കേഡുകള്‍ അരമണിക്കൂറിനുള്ളില്‍ തകര്‍ക്കും എന്ന് കര്‍ഷകര്‍ പറഞ്ഞു.
രാജ്യത്തുടനീളമുള്ള 200-ലധികം കര്‍ഷക യൂണിയനുകള്‍ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തെ നേരിടാന്‍ അതിര്‍ത്തികളില്‍ ആണികളും കമ്പികളും നിരത്തിയതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും അതിന്റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. സമരം പ്രഖ്യാപിച്ച കര്‍ഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചര്‍ച്ചയില്‍ കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ, പീയുഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications