അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചു, ഏപ്രില്‍ 15 വരെ ജയിലില്‍
ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ടാഴ്ച്ച കൂടി ജയിലില്‍ തുടരും. എന്‍ഫോഴ്‌സ്‌മെന്റ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ ഏപ്രില്‍ പതിനഞ്ച് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഇന്ന് കേന്ദ്ര ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെയാണ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 21നായിരുന്നു കെജ്രിവാളിന്റെ അറസ്റ്റ്. ഇഡി ഒന്‍പത് തവണയോളം അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു. അറസ്റ്റിലായ ശേഷം ജയിലില്‍ ഇരുന്നാണ് അദ്ദേഹം ഭരണം നടത്തുന്നത്.

അതേസമയം അന്വേഷണ ഏജന്‍സി കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാന് കോടതി നിര്‍ദേശിച്ചത്. ഭാര്യ സുനിത കെജ്രിവാളിനെയും, മന്ത്രിമാരായ അതീഷി, സൗരഭ് ഭരദ്വാജ്, എന്നിവരെ കാണാന്‍ കോടതി അനുവദിച്ചു. അതിന് ശേഷമാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.
കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും, ഒഴുക്കന്‍ മട്ടിലുള്ള ഉത്തരങ്ങളാണ് നല്‍കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. സ്വന്തം ഡിജിറ്റല്‍ ഡിവൈസുകളുടെ പാസ്‌വേര്‍ഡുകള്‍ കെജ്രിവാള്‍ കൈമാറിയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുപ്രധാനപ്പെട്ട മരുന്നുകള്‍ ജയിലില്‍ കൊണ്ടുവന്ന് നല്‍കിയെന്നും ഇഡി കോടതിയെ അറിയിച്ചു.
അസുഖമുളളതിനാല്‍ ജയിലില്‍ പ്രത്യേക ഡയറ്റ് വേണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ഭാവിയില്‍ മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യമായി വരുമെന്ന് ഇഡി കോടതിയെ അറിയിച്ചു. അതേസമയം തന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications