ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടി; 44 സീറ്റോടെ ബിജെപിക്ക് അധികാരമെന്ന് എക്സിറ്റ് പോൾ
ഡൽഹി: 27 വർഷത്തിന് ശേഷം ഡൽഹി ഭരണം ബി ജെ പിക്കെന്ന് പോൾ ഓഫ് പോൾ എക്സിറ്റ് ഫലം. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്. എന്നാൽ 38 മുതൽ 44 സീറ്റുകൾ വരെയാണ് എക്സിറ്റ് പോൾ ബി ജെ പിക്ക് പ്രവചിക്കുന്നത്. 2020 ൽ 62 സീറ്റുകൾ നേടി അധികാരത്തിലേറിയ ആം ആദ്മിക്ക് ഇക്കുറി 32സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. കോൺഗ്രസന് ഇത്തവണയും കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. 2 സീറ്റുകൾ വരെയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
അതേസമയം ബി ജെ പിയും ആം ആദ്മിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാട്രിസ്-എ ബി പി എക്സിറ്റ് പോൾ പ്രവചിക്കുന്നത് 70 അംഗ നിയമസഭയിൽ ബി ജെ പിക്ക് 35-40 സീറ്റുകൾ വരെ ബി ജെ പിക്ക് ലഭിക്കും, ആം ആദ്മിക്ക് 32 മുതൽ 37 വരെ സീറ്റുകൾ വരേയും കോൺഗ്രസ് 1 സീറ്റുമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

ഇത്തവണയും രാജ്യതലസ്ഥാനത്ത് അധികാരത്തുടർച്ച ലഭിക്കുമെന്ന ആത്മവിശ്വാസമാണ് ആം ആദ്മി പ്രകടിപ്പിക്കുന്നത്. എന്നാൽ സീറ്റുകൾ കുറയുമെന്ന് നേതൃത്വം സമ്മതിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ ആം ആദ്മിക്ക് ലഭിച്ചിരുന്നു. ഇക്കുറി തങ്ങൾക്ക് 55 സീറ്റുകൾ വരെ നേടാൻ സാധിക്കുമെന്നും അതേസമയം സ്ത്രീവോട്ടർമാരെ ആം ആദ്മിക്കൊപ്പം നിന്നാൽ സീറ്റുകൾ 60 കടക്കുമെന്നുമായിരുന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
ഡൽഹി ഭരണം നിലനിർത്താനായാൽ അത് ആം ആദ്മിയെ സംബന്ധിച്ച് പാർട്ടിയുടെ നെറുകയിലെ പൊൻതൂവലാകും. അധികാരം ഉപയോഗിച്ച് ബി ജെ പി തങ്ങളെ ആക്രമിക്കുകയാണെന്ന ആം ആദ്മിയുടെ വാദങ്ങൾക്ക് കൂടുതൽ ശക്തിപകരും. അതേസമയം ബി ജെ പിക്ക് ഭരണം ലഭിച്ചാൽ ആം ആദ്മിയ്ക്കും അരവിന്ദ് കെജ്രിവാളിനും അത് വലിയ തിരിച്ചടിയായി മാറും. ഇനി ഒരിക്കൽ കൂടി ഡൽഹി ഭരിക്കാമെന്ന സ്വപ്നം പോലും ആം ആദ്മി പിന്നീട് വെച്ച് പുലർത്തേണ്ടി വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്താകും ജനത്തിന്റെ മനസിലെന്ന് ഫെബ്രുവരി 8 ന് അറിയാം.












Click it and Unblock the Notifications