ഡൽഹി 'അടിച്ചുവാരും' ബിജെപി; അധികാരം നേടുമെന്ന് സർവേ ഫലം, 50 സീറ്റുകൾ വരെ കിട്ടാം, എഎപി പിന്നിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം പ്രവചിച്ച് പോൾ ഡയറി എക്‌സിറ്റ് പോൾ സർവേഫലം. നിർണായക തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യതലസ്ഥാനത്ത് വമ്പൻ മുന്നേറ്റം തന്നെ ബിജെപി നടത്തുമെന്ന പ്രവചനമാണ് സർവേ നടത്തുന്നത്. 42 മുതൽ 50 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പോൾ ഡയറി പ്രവചനത്തിൽ പറയുന്നത്. ഇത് കേവല ഭൂരിപക്ഷത്തിനും വളരെ മുകളിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എന്നാൽ രണ്ട് വട്ടം രാജ്യതലസ്ഥാനം ഭരിച്ച എഎപിക്ക് അപ്രതീക്ഷിത തിരിച്ചടി തന്നെ ഇക്കുറി ഉണ്ടാവുമെന്നാണ് സർവേ പറയുന്നത്. പോൾ ഡയറി എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് അനുസരിച്ച് എഎപി 18 മുതൽ 25 വരെ സീറ്റുകൾ നേടാനാണ് സാധ്യത. ഇത് കഴിഞ്ഞ തവണത്തെ വൻ മുന്നേറ്റത്തിൽ നിന്ന് വലിയ ഇടിവായിരിക്കും ഉണ്ടാക്കുക എന്നുറപ്പാണ്. സർവേ ഫലങ്ങൾ ശരിയായി വന്നാൽ രണ്ടര പതിറ്റാണ്ടിന് ശേഷം ഡൽഹിയിൽ ഒരിക്കൽ കൂടി ബിജെപി ഭരണം വരും.

പ്രചരണം നടത്തിയാണ് ഇക്കുറി ബിജെപി ഡൽഹിയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടക്കം മുതൽ തന്നെ കെജ്രിവാളിന്റെ അഴിമതി വിരുദ്ധ ഇമേജിനെ വലിച്ചുകീറാൻ അവർ ശ്രമം ആരംഭിച്ചിരുന്നു. ഡൽഹി മദ്യനയ കേസിൽ ജയിലിൽ പോയതെയും ശീഷ്മഹൽ എന്ന് വിളിക്കുന്ന ബംഗ്ലാവ് മോഡി പിടിപ്പിച്ചതുമെല്ലാം പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലായി ബിജെപി എഎപിക്കെതിരെയും അവരുടെ മുഖമായ കെജ്രിവാളിന് എതിരെയും ഉയർത്തി.
ശേഷമാണ് മോദിയെ പോലെയുള്ള മുതിർന്ന നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയത്. അതിൽ കെജ്രിവാളിനെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്ന നയമായിരുന്നു അമിത് ഷാ വച്ച് പുലർത്തിയത്. ഇതിലൂടെ പരമാവധി എഎപി തലവനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതാണ് യമുന വെള്ളവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് നയിച്ചതും.
മറുവശത്ത് എഎപിയാവട്ടെ സൗജന്യ വാഗ്‌ദാനങ്ങളും സ്ത്രീകൾക്ക് ധനസഹായവും ഒക്കെയായി പ്രകടന പത്രികയിൽ ഊന്നിയായിരുന്നു പ്രചാരണം നടത്തിയത്. അഴിമതി വിരുദ്ധ ഇമേജ് തകർക്കാൻ ബിജെപി നടത്തിയ ആസൂത്രണമായിരുന്നു കേസുകൾ എന്നായിരുന്നു അവർ പറഞ്ഞത്. ഇനി അതൊക്കെയും വോട്ടർമാർ എങ്ങനെ എടുത്തു എന്നറിയാൻ എക്‌സിറ്റ് പോളുകൾ മാത്രം മതിയാവില്ല. ഫെബ്രുവരി എട്ട് വരെ ഇതിനായി കാത്തിരിക്കണം എന്ന് ചുരുക്കം.












Click it and Unblock the Notifications