കേന്ദ്രം റദ്ദാക്കിയ ഹജ്ജ് ക്വാട്ട പുന:സ്ഥാപിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഹജ്ജ് ഗ്രൂപ്പ് സംഘാടകരുടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ഹജ്ജ് ക്വാട്ടകള്‍ പുന:സ്ഥാപിച്ച് ഡല്‍ഹി ഹൈക്കോടതി. ഇവരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമാണ് നേരത്തെ റദ്ദാക്കിയത്. എന്നാല്‍ ഈ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
"എച്ച്ജിഒമാരുടെ സര്‍ട്ടിഫിക്കറ്റുകളും, ക്വാട്ടകളും റദ്ദാക്കിയത് തുടര്‍ന്നാല്‍, ഇവിടെ രജിസ്റ്റര്‍ ചെയ്ത പല വിശ്വാസികള്‍ക്കും, അവരുടെ മതപരമായ കര്‍മങ്ങള്‍ ചെയ്യാനാവാതെ വരും. ഭരണഘടന അവരുടെ വിശ്വാസത്തെ പിന്തുടരാനും, മതപരമായ കാര്യങ്ങള്‍ ചെയ്യാനും അനുവാദം നല്‍കുന്നുണ്ട്. അതിന്റെ ലംഘനമായിരിക്കും, ഈ നടപടി" എന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

ഹജ്ജ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൃത്രിമത്വമുണ്ടെന്ന് കാണിച്ചാണ് കേന്ദ്രം ഇവരുടെ ക്വാട്ടകള്‍ അടക്കം നേരത്തെ റദ്ദാക്കിയത്. അതേസമയം "ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ടകള്‍ ഒന്നാകെ സസ്‌പെന്‍ഡ് ചെയ്ത് നടപടി, ഹജ്ജ് നയത്തെ തന്നെ ദുര്‍ബലമാക്കുന്നതാണ്. അവര്‍ എന്തിനാണോ രൂപീകരിച്ചിട്ടുള്ളത്, അക്കാര്യങ്ങള്‍ നടക്കാതെ വരും. ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ ലംഘനമാണത് " എന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 25 മതവിശ്വാസം പിന്തുടരാനും, പ്രചരിപ്പിക്കാനുമുള്ള അനുമതി നല്‍കുന്നുണ്ട്. എച്ച്ജിഒകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കിയിരുന്നു.
മെയ് 18ന് കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് ക്വാട്ടകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ മെയ് 25ന് അതെല്ലാം റദ്ദാക്കുകയായിരുന്നു. സര്‍ക്കാരിന് മുന്നില്‍ തെറ്റായ വിവരങ്ങളാണ് ഇവര്‍ നല്‍കിയതെന്നായിരുന്നു കേന്ദ്രം ആരോപിച്ചത്.
സ്വകാര്യ സംഘടനകളെയാണ് സര്‍ക്കാര്‍ എച്ച്ജിഒകളായി രജിസ്റ്റര്‍ ചെയ്യുക. ഇത് ഹജ്ജ് നയത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യമാണ്. എല്ലാവര്‍ഷവും നിശ്ചിത എണ്ണം യാത്രക്കാരെയാണ് ഹജ്ജിനായി തിരഞ്ഞെടുക്കുക. ഇവര്‍ ഹജ്ജ് നിര്‍വഹിക്കാനായി സൗദി അറേബ്യയിലേക്ക് പോകാം.
ഹജ്ജ് കമ്മിറ്റി വഴിയാണ് ഭൂരിഭാഗം വിശ്വാസികളും ഹജ്ജിനായി പോവുന്നത്. ബാക്കി വരുന്നവരാണ് എച്ച്ജിഒ ക്വാട്ട വഴി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പോവുന്നത്.
അതേസമയം "സര്‍ക്കാരിന് എച്ച്ജിഒകള്‍ക്കെതിരെയുള്ള അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. ഈ തീരുമാനം കൊണ്ട് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് തടസ്സമുണ്ടാവരുത്. അല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കാമെന്നും" കോടതി വ്യക്തമാക്കി.












Click it and Unblock the Notifications