ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കാം; അനുമതി നൽകി ഇന്ത്യ
ദില്ലി; കൊവിഡ് രോഗികളിൽ ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഇന്ത്യ.കൊവിഡ് രൂക്ഷമായ രോഗികളില്‍ മെഥില്‍പ്രിഡ്‌നിസോളോണിനു പകരം ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അസുഖം തീവ്രമായ രോഗികളിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ മരുന്ന് ഉപയോഗിക്കാം. എന്നാൽ വലിയ അളവിൽ ഇത് ഉപയോഗിക്കരുത്. ഇത് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി
സന്ധിവാതം, അര്‍ബുദം, ഗുരുതരമായ അലര്‍ജി, ആസ്ത്മ എന്നിവ ചികില്‍സിക്കുന്നതിന് ഉപയോഗിക്കുന്ന ഡെക്സാമെതാസോണ്‍, കുറഞ്ഞ ഡോസില്‍ തുടര്‍ച്ചയായി 10 ദിവസം നല്‍കിയ ഗുരുതര കൊവിഡ് രോഗികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ചെറിയ ഡോസില്‍ സ്റ്റീറോയ്ഡായ ഡെക്സാമെതാസോണ്‍ നല്‍കുന്നത് മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ രോഗികളിൽ മരുന്ന് ഉപയോഗിക്കാൻ ലണ്ടൻ തിരുമാനിച്ചിരുന്നു.
Recommended Video

ദേശീയ അവശ്യമരുന്ന് പട്ടികയിൽ ഉള്ളതാണ് ഡെക്സാമെതാസോൺ. മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ
കൊവിഡ് ചികിത്സയ്ക്കായി റെംഡിസിവിർ മരുന്ന് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ നേരത്തേ അനുമതി നൽകിയിരുന്നു. അമേരിക്കന്‍ കമ്പനിയായ ഗിലെയാദ് സയന്‍സസിന്റെ ആന്റി വൈറല്‍ മരുന്ന് റെംഡിസിവിര്‍ കോവിഡ് രോഗികള്‍ക്ക് ഫലപ്രദമാണെന്ന് പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.രോഗത്തിൻറെ ആദ്യഘട്ടത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കാമെന്നും അനുമതിയുണ്ട്. അതേസമയം ചെറിയതോതില്‍ രോഗമുള്ളവരിലോ പ്രതിരോധമരുന്നെന്ന നിലയിലോ ഡെക്സാമെതാസോണ്‍ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. അതേസമയം ഇന്ത്യയിൽ കൊവിഡ് രോഗികൾ കുതിച്ച് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 5 ലക്ഷമായി. ഇതുവരെ 15, 685 പേർക്കാണഅ ജീവഹാനി സംഭവിച്ചത്.












Click it and Unblock the Notifications