ദിവ്യ ഉണ്ണിയുടെ ഗിന്നസ് ഡാന്‍സ്: സംഘാടകർ പോക്കറ്റിലാക്കിയത് 4 കോടിയോ? വിമർശനം ശക്തമാകുന്നു
ഗിന്നസ് ബുക്കിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ എംഎ നിഷാദ് ഉള്‍പ്പെടേയുള്ളവർ. മൃദംഗനാദം എന്ന നൃത്ത പരിപാടി അക്ഷരാർത്ഥത്തിൽ 'മൃഗീയ നാടകം' ആയിരുന്നു എന്നുളളതിന്റ്റെ വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നുവെന്നും ഒരപകടം നടന്നിട്ടും അത് വക വെക്കാതെ പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവെന്ററെ മാനേജേഴ്സുമാണ് പ്രധാന പ്രതികളെന്നും എംഎ നിഷാദ് പറയുന്നു.
'ഉമാ തോമസ് എം എൽ എയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എം എൽ എ എത്രയും പെട്ടെന്ന്
സുഖം പ്രാപിക്കട്ടെ. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവു. ഗിന്നസ് ബുക്കിൽ ഇടം നേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി അക്ഷരാർത്ഥത്തിൽ മൃഗീയ നാടകം ആയിരുന്നു എന്നുളളതിന്റ്റെ വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.' എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹ നൃത്തത്തിൽ ഒരാളേ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നർത്തകിമാരെ സിനിമയിലെ നൃത്ത രംഗത്ത് അവതരിപ്പിക്കുന്ന സംഘ നർത്തകർ, അല്ലെങ്കിൽ ഡാൻസേഴ്സ് (സിനിമാ ഭാഷയിൽ) ആയി പശ്ചാതലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്. ഒരപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും, ഇവെന്ററെ മാനേജേഴ്സുമാണ് പ്രധാന പ്രതികൾ. അവരുടെ പേരുകൾ പുറത്ത് വിടണം.
ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്. ഒരു നർത്തകിയുടെ കൈയ്യിൽ നിന്നും എത്ര രൂപ വാങ്ങി സംഘാടകർ എന്ന കണക്കും പുറത്ത് വന്നു. അപ്പോൾ,ഇതിന്റ്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ,നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്ററെ മുന്നിൽ കൊണ്ട് വരണമെന്നും എംഎ നിഷാദ് ആവശ്യപ്പെട്ടു.
അതേസമയം, 'മറ്റുള്ളിടത്താണെങ്കിൽ നൃത്തം ചെയ്യുന്ന ഓരോ കുട്ടിക്കും സംഘാടകർ അയ്യായിരം രൂപ വെച്ചെങ്കിലും കൊടുക്കേണ്ടതാണ്. എന്നാലിവിടെ സംഘാടകർ പണം ഒന്നും നൽകിയില്ലെന്ന് മാത്രമല്ല പങ്കെടുത്ത കുട്ടികൾ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തി അഞ്ഞൂറ് രൂപ വീതം രജിസ്ട്രേഷൻ ഫീസായി മാത്രം കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ നാലു കോടി രൂപ സംഘാടകർക്ക് ലഭിക്കും' എന്നാണ് രജിത് ലീല രവീന്ദ്രൻ എന്നയാള്‍ കുറിച്ചത്.
ഡാൻസ് ടീച്ചർമാർ വഴി ഏതോ ബുദ്ധിമാനായ മലയാളി 'പ്രബുദ്ധ മലയാളികളെ' പറ്റിക്കുന്ന പുതിയ കാലത്തെ ആട്, തേക്ക്, മാഞ്ചിയം പദ്ധതിയാണ് ഈ ഗിന്നസ് പരിപാടിയും. ബിസിനസ് സാധ്യതകൾ മനസിലായത് കൊണ്ട് ഇത്തരം പരിപാടികൾക്ക് ഇനിയും ആവർത്തനങ്ങൾ ഉണ്ടാകും.രക്ഷിതാക്കൾ മുണ്ട് മുറുക്കിയുടുത്തുണ്ടാക്കുന്ന പണം കൊണ്ട് സിനിമാ താരങ്ങൾ പലരും ഇനിയും ഗിന്നസ് ബുക്കിൽ കേറുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications