തിരുച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിച്ചേക്കും; വിജയ്‌ക്കെതിരെ പടയൊരുക്കവുമായി ഡിഎംകെ
തമിഴ്നാട്ടിൽ വീണ്ടുമൊരു രാഷ്ട്രീയ 'ബ്ലോക്ക്ബസ്റ്ററിന്' വഴിയൊരുങ്ങുന്നു.
മുഖ്യമന്ത്രി വിജയ് രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ മത്സരിച്ചേക്കുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത മണ്ഡലമായ കൊളത്തൂരിൽ നിന്ന് എണ്ണായിരത്തോളം വോട്ടുകൾക്ക് ഇത്തവണ സ്റ്റാലിൻ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വീണ്ടും നിയമസഭയിലെത്തിക്കുന്നതിനൊപ്പം ടി വി കെയുമായുള്ള മത്സരം കടുപ്പിക്കുകയാണ് ഡി എം കെ ലക്ഷ്യം വെയ്ക്കുന്നത്.
സ്റ്റാലിൻ മത്സരിക്കണമെന്ന ആവശ്യം ഡിഎംകെ നേതാക്കൾ ഉയർത്തുന്നുണ്ട്. നേരത്തേ പുതുക്കോട്ടൈയിൽ നടന്ന പൊതുയോഗത്തിൽ സ്റ്റാലിൻ ഉടൻ തന്നെ നിയമസഭയിൽ തിരിച്ചെത്തുമെന്ന് മുതിർന്ന ഡി എം കെ നേതാവ് കെഎൻ നെഹ്‌റു പറഞ്ഞിരുന്നു. നിയമസഭയിൽ സ്റ്റാലിന്റെ അഭാവത്തെ മുഖ്യമന്ത്രി വിജയ് പരിഹസിച്ചതിനെ തുടർന്നായിരുന്നു നെഹ്‌റുവിന്റെ പ്രതികരണം. അതേസമയം താൻ സഭയിലില്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലുണ്ടെന്നും ജനങ്ങൾ എവിടെ അന്വേഷിച്ചാലും അവിടെ താനുണ്ടാകുമെന്നുമായിരുന്നു നെഹ്റുവിൻ്റെ പരാമർശങ്ങളോട് സ്റ്റാലിൻ അന്ന് പ്രതികരിച്ചത്.
മുൻ ഡി എം കെ മന്ത്രി അൻബിൽ മഹേഷിന്റെ പേരായിരുന്നു ആദ്യം മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സ്റ്റാലിൻ തന്നെ നേരിട്ട് ഇറങ്ങുന്നതാണ് ഉചിതമെന്നാണ് ഡിഎംകെയിലെ വലിയ വിഭാഗം നേതാക്കളുടേയും ആവശ്യം.അതേസമയം മത്സരിക്കുമെന്ന വാർത്തകൾ ഇതുവരെ സ്റ്റാലിൻ തള്ളിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

തട്ടകം തിരിച്ചുപിടിക്കാൻ ഡി എം കെ; കോട്ട കാക്കാൻ ടി വി കെ
നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു വിജയ് മണ്ഡലത്തിൽ നേടിയത്. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ 27,416 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനായിരുന്നു വിജയിയുടെ കന്നി വിജയം. വിജയ് 91,391 വോട്ടുകൾ നേടിയപ്പോൾ ഡി എം കെ നേതാവും സിറ്റിംഗ് എം എൽ എയുമായ ഇനിഗോ എസ് ഇരുദയരാജിന് 63,965 വോട്ടുകൾ മാത്രമാണ് നേടാനായത്. അണ്ണാഡി എം കെ സ്ഥാനാർത്ഥി ജി രാജശേഖരന 19,715 വോട്ടുകളാണ് ലഭിച്ചത്. ഈ കനത്ത പരാജയത്തിന് അതേ മണ്ഡലത്തിൽ വെച്ചുതന്നെ മുഖ്യമന്ത്രി വിജയിയോട് പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി സ്റ്റാലിനെ നേരിട്ട് കളത്തിലിറക്കാൻ ഡി എം കെ ഒരുങ്ങുന്നത്.
ഡി എം കെയുടെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമായിരുന്നു ത്രിച്ചി ഈസ്റ്റ്. 2021ൽ ഇനിഗോ 53,797 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. അന്ന് അണ്ണാ ഡി എം കെയുടെ പ്രമുഖ നേതാവ് വെള്ളമണ്ടി എൻ. നടരാജനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആറ് വർഷം മുൻപ് കൈവിട്ടുപോയ തങ്ങളുടെ ഈ രാഷ്ട്രീയ കേന്ദ്രം ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കുക എന്നത് നിലവിൽ സഭയ്ക്ക് പുറത്തിരിക്കുന്ന സ്റ്റാലിനും ഡി എം കെയ്ക്കും അഭിമാനപ്രശ്നം കൂടിയാണ്.












Click it and Unblock the Notifications