
'നിങ്ങൾക്ക് രാവണനെ പോലെ 100 തലയുണ്ടോ?'; മോദിയെ പരിഹസിച്ച് മല്ലികാർജ്ജുൻ ഖാർഗെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിയ്ക്ക് നൂറ് തലയുണ്ടോയെന്നും ഖാർഗെ ചോദിച്ചു. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ മാറ്റി വെച്ച് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്, എംഎല്‍എ തിരഞ്ഞെടുപ്പ്, എം പി തിരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ എല്ലാം തന്നെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. മറ്റാരേയും നോക്കണ്ട, എന്നെ മാത്രം ആലോചിച്ച് വോട്ട് ചെയ്യൂവെന്നാണ് പറയുന്നത്. എത്ര തവണ ഞങ്ങൾ ഇങ്ങനെ താങ്കളുടെ മുഖം കാണണം ? എത്ര മുഖങ്ങളുണ്ട് മോദിക്ക് , രാവണനെ പോലെ 100 മുഖങ്ങൾ ഉണ്ടോ', പരിഹസിച്ച് കൊണ്ട് ഖാർഗെ ചോദിച്ചു.
മുനിസിപ്പാലിയിറ്റിലേക്കായാലും നിയമസഭ ലോകസഭ തിരഞ്ഞെടുപ്പിലേക്ക് ആയാലും മോദിയുടെ പേര് പറഞ്ഞാണ് ബി ജെ പി വോട്ട് തേടുന്നത്. സ്ഥാനാർത്ഥിയുടെ പേരിലാണ് വോട്ട് തേടേണ്ടത്. മുനിസിപ്പാലിറ്റിയിൽ മോദി വന്ന് പണിയെടുക്കുമോ? , ഖാർഗെ ചോദിച്ചു. അതേസമയം കോൺഗ്രസ് അധ്യക്ഷന്റെ പരിഹാസത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രംഗത്തെത്തി.
വികസന നയങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാകാതെ പ്രതിപക്ഷം എപ്പോഴും ഗുജറാത്തിനേയും ഗുജറാത്തികളേയും അധിക്ഷേപിക്കുകയാണെന്ന് ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു. ഇത്തരം വാക്കുകൾക്ക് ഗുജറാത്തിലെ ജനം നിങ്ങൾക്ക് ചുട്ട മറുപടി ഈ തിരഞ്ഞെടുപ്പിലും നൽകുമെന്നും ഭൂപേന്ദ്ര പട്ടേൽ ട്വീറ്റിൽ കുറിച്ചു.
അതേസമയം ഖാര്‍ഗെയ്ക്ക് മറുപടിയുമായി ബി ജെ പി ഐ ടി സെല്‍ മോധാവി അമിത് മാളവ്യ രംഗത്തെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിനെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ് പ്രസിഡൻറിന് തന്റെ വാക്കുകളിൽ നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണൻ , മരണത്തിന്റെ വ്യാപാരി എന്നിങ്ങനെ അഭിസംബോധന ചെയ്തു, ഗുജറാത്തിനേയും ഗുജറാത്തിന്റെ പുത്രനേയും അധിക്ഷേപിച്ചു, മാളവ്യ ട്വിറ്ററിൽ കുറിച്ചു.
2007 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു മോദിയെ ലക്ഷ്യമാക്കി സോണിയ ഗാന്ധി മരണത്തിന്റെ വ്യാപാരിയെന്ന് പരാമർശിച്ചത്. ഗുജറാത്ത് കലാപത്തെ മുൻനിർത്തിയായിരുന്നു സോണിയയുടെ പരാമർശം.