ഡോക്ടറുടെ കൊലപാതകം; ആത്മഹത്യയായി മാറ്റാന്‍ എന്തിന് ശ്രമിച്ചു, പിന്നില്‍ വലിയ ആരോ ഉണ്ട്: രോഹന്‍ കൃഷ്ണന്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർകെ കർ മെഡിക്കല്‍ കോളേജ് ആശുപത്യില്‍ വനിത ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയമാണ് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ വ്യക്തമാക്കുന്നത്.
മകള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് നടന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ലൈംഗികാതിക്രമം നടന്നതിന്റേതായ തെളിവുകളും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സമരത്തിന്റെ മുന്‍നിരയിലുള്ള ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ) ചെയർമാന്‍ ഡോ.രോഹന്‍ കൃഷ്ണന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

നീതി ലഭിക്കും വരെ സമരം തുടരും. സമരത്തിന് ദേശീയ അടിസ്ഥാനത്തില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പശ്ചിമ ബംഗാളിനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും പുറമെ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുക എന്നുള്ളതാണ് ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.
ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിനെ മറ്റൊരു കോളേജിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തെ മറ്റൊരു കോളേജിലേക്ക് മാറ്റുകയല്ല, സസ്പെന്‍ഡ് ചെയ്യുക എന്നുള്ളതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിലൊന്ന്.
ഡോക്ടർമാർ ഉള്‍പ്പെടേയുള്ള ആരോഗ്യ പ്രവർത്തകർക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ സമീപകാലത്തുണ്ടായി. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന ഒരു നിയമം കൊണ്ടുവരാന്‍ സർക്കാറുകള്‍ തയ്യാറാകേണ്ടതാണെന്നാണ് ഞങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യം.
പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നില്ല. തെളിവുകള്‍ അട്ടിമറിക്കാനുള്ള ശ്രമം വലിയ രീതിയില്‍ തന്നേയുണ്ടായി. ഹൈക്കോടതിയുടെ ഇടപെടലിന്റെ ഫലമായിട്ടാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. അതിനെ ഞങ്ങള്‍ പോസിറ്റിവായി കാണുന്നു. തുടക്കത്തില്‍ ഇതൊരു ആത്മഹത്യയായി ഒതുക്കി തീർക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് എന്തുകൊണ്ടാണെന്ന് കണ്ടെത്തേണ്ടതുണ്ട്.
വലിയ ആളുകള്‍ ആരോ, അതായത് സർക്കാർ ഉന്നതങ്ങളിലെ ആർക്കോ ഇതില്‍ പങ്കുണ്ടെന്ന അഭ്യൂഹമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സിബിഐ ഉടന്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ആവർത്തിക്കുന്നത് ഡോക്ടർമാരുടെ കമ്മ്യൂണിറ്റിയില്‍ ആശങ്ക പടർത്തുന്നതാണെന്നും രോഹന്‍ കൃഷ്ണ വ്യക്തമാക്കി.












Click it and Unblock the Notifications