'പലസ്തീനിലെ കുഞ്ഞുങ്ങൾക്ക് നേരെയുളള ഇസ്രായേൽ ഭീകരവാദത്തെ കുറിച്ച് മിണ്ടുന്നില്ല', പ്രധാനമന്ത്രിക്കെതിരെ ജയരാജൻ
ഇസ്രായേലിന് പിന്തുണ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിപിഎം നേതാവ് പി ജയരാജൻ. ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി പലസ്തീനിലെ കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന ഇസ്രയേൽ ഭീകരവാദത്തെ കുറിച്ച് മിണ്ടിയിട്ടില്ലെന്ന് പി ജയരാജൻ കുറ്റപ്പെടുത്തി. പലസ്തീൻ ജനതക്ക് സ്വന്തം ഭൂമിയിൽ രാഷ്ട്ര ഭരണം നടത്താനുള്ള അവകാശം ലഭിക്കണനെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രം.' ഇതായിരുന്നു ഇസ്രയേൽ രാജ്യ നിർമ്മാണത്തിനായി ജൂയിഷ് - സയണിസ്റ്റ് പ്രത്യയ ശാസ്ത്രം പ്രചരിപ്പിച്ചവർ പറഞ്ഞിരുന്നത്. എന്നാൽ പലസ്‌തീൻ പ്രദേശം അങ്ങനെ ജനതയില്ലാത്ത ഭൂമിയായിരുന്നില്ല. ഇരുപത് ലക്ഷത്തോളം മനുഷ്യർ ജീവ സന്ധാരണം നടത്തിയിരുന്ന ജനതയുള്ള ഭൂമി തന്നെയായിരുന്നു ഇന്നത്തെ ഇസ്രയേൽ ഉൾപ്പെടുന്ന അന്നത്തെ പലസ്‌തീൻ.

അവിടെ നിന്നിങ്ങോട്ട് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയോട് കൂടി സയണിസ്റ്റ് ഭീകരത പ്രദേശത്തെ മൂന്ന് ഭാഗങ്ങളിൽ നിന്നും വിഴുങ്ങി തുടങ്ങി. പതിറ്റാണ്ടുകളായി പലസ്‌തീൻ മണ്ണിൽ കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന മനുഷ്യർ ഇസ്രയേൽ പട്ടാളത്തിന്റെ ആക്രമണത്തോടെ കൊല്ലപ്പെട്ടു വീഴാൻ തുടങ്ങിയിട്ട്. എന്നാൽ അതൊക്കെ ഒരു സർവ്വ സാധാരണ സംഭവമായി കണ്ട് ശീലിച്ചു പോന്നു.
ലോകമാസകലമുള്ള ജൂത ജനതയെ 'വിശുദ്ധ മണ്ണിലേക്ക്' സെറ്റിൽമെന്റിന്റെ പേരിൽ ഇസ്രയേൽ ഗവണ്മെന്റ് സ്വാഗതം ചെയ്തു. പലസ്‌തീൻ പ്രദേശത്ത് നിന്ന് കൈയ്യടക്കുന്ന ഓരോ ഗ്രാമങ്ങളിലും ഇസ്രയേൽ സെറ്റിൽമെന്റുകൾ നിർമ്മിച്ചു. ഇന്ന് ദിവസം പത്ത് മണിക്കൂർ മുഴുവൻ തികച്ച് വൈദ്യുതി ലഭിക്കാത്ത, ഭാഗികമോ മുഴുവനോ ആയി തകർന്നതോ അല്ലാത്ത ഒരു കെട്ടിടം പോലും കാണാത്ത, ദാരിദ്രവും പോഷകാഹാര കുറവും കൊണ്ട് ഉഴലുന്ന മനുഷ്യരെ മാത്രം കാണുന്ന പ്രദേശമായി ഗാസ മാറി.
സാമ്രാജ്യത്വ പിന്തുണയോടെ സയണിസ്റ്റ് ഭീകരവാദം അനുദിനം സാധാരണ സംഭവങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെട്ടു പോന്നു. എന്നാൽ ഫലത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഇന്ന് ഗാസ. മഹാത്മാ ഗാന്ധിയുടെ കാലം മുതൽ ദേശിയ പ്രസ്ഥാനവും, സ്വാതന്ത്രത്തിനു ശേഷം ഇന്ത്യ ഗവണ്മെന്റും പലസ്‌തീന് ഒപ്പമാണ് നിന്നത്. എന്തിന്, ബിജെപിയുടെ പ്രധാന മന്ത്രിയായിരുന്ന വാജ്പേയ് പോലും പലസ്‌തീനിൽ അധിനിവേശവും അക്രമണവും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേലിനെതിരെ തുറന്ന് സംസാരിച്ചയാളാണ്.
എന്നാൽ നവ ഉദാരീകരണ കാലത്ത് നമ്മുടെ രാജ്യം സാമ്രാജ്യത്വ പക്ഷത്തിന്റെ പാദ സേവകരായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴാകട്ടെ ഹമാസ് ഇസ്രയേലിൽ കടന്ന് കയറി നടത്തിയ ആക്രമണം കേട്ടിനിർത്തപ്പെട്ട അമർഷത്തിന്റെ ബഹുസ്പുരണമാവാം. എങ്കിലും ആ ആക്രമണത്തെ അപലപിക്കുന്നു.. എന്നാൽ ആ സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഇന്നേ വരെ പലസ്തീനിലെ കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന ഇസ്രയേൽ ഭീകരവാദത്തെ കുറിച്ച് മിണ്ടിയിട്ടു പോലുമില്ല, എന്തിന്, യുദ്ധത്തിനൊരുങ്ങുന്ന ഇസ്രയേൽ യുദ്ധത്തിൽ നിന്ന് പിന്മാറി അവിടെ സമാധാനം പുനസ്ഥാപിക്കണം എന്ന് പോലും ആവശ്യപ്പെട്ടിട്ടില്ല.
യുദ്ധം തുടങ്ങിയാൽ ആർക്കാണ് ലാഭം? ആർക്കാണ് നഷ്ടം? ഇസ്രായേലിൽ അനേകം മലയാളികൾ അടങ്ങുന്ന ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. സ്വന്തം ജനതയുടെ സുരക്ഷയിൽ രാജ്യ പ്രധാന മന്ത്രിക്ക് തെല്ലും ആശങ്കയില്ലേ? ലോക സമാധാനത്തിന് വേണ്ടി വാദിച്ച സ്വാമി വിവേകാനന്ദൻ മുതൽ മഹാത്മാ ഗാന്ധി അടക്കമുള്ളവരുടെ നിലപാടിന് കടക വിരുദ്ധമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്.
സ്വന്തം രാജ്യത്തെ സുപ്രീം കോടതിയുടെ അധികാരം പോലും വെട്ടി കുറച്ച് അവ പ്രധാന മന്ത്രിയിലേക്കും പ്രസിഡന്റിലേക്കും കൊണ്ട് വന്ന തീവ്ര വലതുപക്ഷ നേതാവ് നെതന്യാഹുവിന്റെ ഉറ്റ സുഹൃത്തായ നരേന്ദ്ര മോഡി ഈ നിലപാട് സ്വീകരിച്ചില്ലെങ്കിലേ അതിശയമുള്ളൂ. നേതാന്യാഹുവിനെ ഏകാധിപതിയാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഇസ്രായേലി പൗരന്മാർ തെരുവിൽ പ്രതിഷേധിച്ചിരുന്നു, അതിനിടയിൽ ഈ യുദ്ധം സ്വന്തം അഴിമതിയും ഭരണ പരാജയവും മറച്ചു വെക്കാനാണെന്ന് ഇസ്രായേലി മാദ്ധ്യമങ്ങൾ പോലും പറയുന്നു. അപ്പോഴാണ് ഇന്ത്യ ഇസ്രയേലിന് കലവറയില്ലാത്ത പിന്തുണ നൽകുന്നത്.
പലസ്തീനിൽ ആയാലും ഇസ്രായേലിൽ ആയാലും ലോകത്തിന്റെ ഏത് കോണിലായാലും യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നത് വളരെ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യരാണ്.ഇറ്റ് വീഴുന്നത് അവരുടെ കണ്ണീരാണ്.ഈ ആധുനിക ലോകത്തിലെങ്കിലും യുദ്ധം എന്നത് ഇനി ഒരിക്കലും സംഭവിക്കാത്ത കാര്യമായി മാറട്ടെ.. എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ പരസ്പര സ്നേഹത്തോടെ കഴിയട്ടെ.. അതിന് വേണ്ടിയാണ് ലോക രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശ്രമിക്കേണ്ടത്. അതോടൊപ്പം പലസ്തീൻ ജനതക്ക് സ്വന്തം ഭൂമിയിൽ രാഷ്ട്ര ഭരണം നടത്താനുള്ള അവകാശം ലഭിക്കുകയും വേണം...''












Click it and Unblock the Notifications