വ്യക്തത വേണം, ഇല്ലേങ്കില്‍ നിലപാട് തിരുത്തുമെന്ന് ശിവസേന!! പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു
ദില്ലി: രാജ്യത്ത് ഹിന്ദു മുസ്ലീം ഭിന്നിപ്പുണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നിങ്ങള്‍ പയറ്റുന്നത്. അത് ശരിയല്ല. ലോക്സഭയിലെ സാഹചര്യമല്ല രാജ്യസഭയിലെന്നും റൗത്ത് പറഞ്ഞു.ബില്ലിലെ ചില സംശയങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചില്ലേങ്കില്‍ ലോക്സഭയില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായിരിക്കും രാജ്യസഭയിലെ തങ്ങളുടെ നിലപാടെന്നും റൗത്ത് പറഞ്ഞു.

നിങ്ങള്‍ പാകിസ്താനെ കുറിച്ചും ബംഗ്ലാദേശിനെ കുറിച്ചുമാണ് പറയുന്നത്. ഇപ്പോഴും ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് ജനതയെ കുറിച്ച് പറയുന്നില്ല. നേപ്പാളിലെ ഹിന്ദുക്കളുടെ അവസ്ഥ ദയനീയമാണ്. ഇത് രാഷ്ട്രീയത്തെ കുറിച്ചല്ല മറിച്ച് മനുഷ്യത്വത്തെ കുറിച്ചാണെന്നും റൗത്ത് പ്രതികരിച്ചു.
വിവാദ പൗരത്വ ബില്ലിനെ ലോക്സഭയില്‍ ശിവസേന പിന്തുണച്ചിരുന്നു. രാജ്യതാത്പര്യം പരിഗണിച്ചാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് കണ്ണുരുട്ടിയതോടെ രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ട് നിന്നേക്കുമെന്നാണ് സൂചന. ശിവസേനയ്ക്ക് 3 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. അതേസമയം ശിവസേന വിട്ട് നിന്നാലും ബിജെപിക്ക് ഉത്കണ്ഠപെടേണ്ടതില്ലെന്നാണ് സൂചന.
ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച സഖ്യകക്ഷിയായ ജെഡിയു നിലപാട് തിരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെ ബില്ലിനെതിരെ രംഗത്തെത്തിയതോടെ ജെഡിയുവില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബില്ലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു വ്യക്തമാക്കി.
നിലവില്‍ 240 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 108 എംപിമാരാണ് ഉള്ളത്. ബിജെപിക്ക് തനിച്ച് 83 എംപിമാരുണ്ട്. 121 പേരുടെ പിന്തുണയാണ് ബില്ല് പാസാക്കാനായി വേണ്ടത്. എന്‍ഡിഎ ഇതരകക്ഷികളായ ബിജെഡി, ശിവസേന, വൈഎസ്ആര്‍സിപി, ടിഡിപി എന്നിവരുടെ കൂടി പിന്തുണ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടാതെ ഏഴ് സ്വതന്ത്രരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ.












Click it and Unblock the Notifications