'എന്നെ സഖ്യ ധാര്‍മികത പഠിപ്പിക്കാന്‍ വരേണ്ട '; അണ്ണാഡിഎംകെയുടെ പ്രമേയത്തെ തള്ളി അണ്ണാമലൈ
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ പ്രമേയം പാസാക്കി അണ്ണാഡിഎംകെ. ഇതിനെതിരെ അണ്ണാമലൈ രംഗത്തെത്തി. എഐഎഡിഎംകെ തന്നെ സഖ്യത്തിലെ ധാര്‍മികത പഠിപ്പിക്കാന്‍ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിലെ ധാര്‍മികത എന്താണെന്ന് അറിയാം. അതിനെ കുറിച്ച് ആരും ക്ലാസെടുത്ത് തരേണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടില്ലെന്ന കാര്യം, വെറും സാങ്കേതികപരമാണെന്നും, അവരുടെ മരണം നടന്നത് കൊണ്ടാണ് കേസില്‍ കുറ്റക്കാരിയാവാതിരുന്നതെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് അണ്ണാഡിഎംകെയിലെ നിരവധി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

"പൊതുജനങ്ങളുടെ പണത്തില്‍ കൃത്രിമത്വം കാണിച്ച എല്ലാ സര്‍ക്കാരുകളെയും ഞങ്ങള്‍ വിമര്‍ശിക്കും. തമിഴ്‌നാട്ടിലെ പല ഭരണകൂടങ്ങളും അഴിമതിയില്‍ നിറഞ്ഞതായിരുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍ കോടതിയില്‍ ശിക്ഷിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി തമിഴ്‌നാട് മാറിയത്.അഴിമതിയില്‍ ഒന്നാം സ്ഥാനത്താണ് തമിഴ്‌നാട് എന്ന് ഞാന്‍ പറയും. ജയലളിത ഭരിച്ച 1991-96 കാലയളവാണ് അഴിമതിയുടെ കാര്യത്തില്‍ ഏറ്റവും മോശപ്പെട്ടതെന്നും" അണ്ണാമലൈ തുറന്നടിച്ചു. '
"എനിക്കെതിരെ അണ്ണാഡിഎംകെ പ്രമേയം പാസാക്കിയതായി അറിഞ്ഞു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് മനസ്സിലാക്കാതെയാണ് ജയകുമാര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തെ പോലെ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്താന്‍ ഞാനില്ല. ജനങ്ങളോട് മാത്രമാണ് എനിക്ക് വിശദീകരിക്കേണ്ടതെന്നും" അണ്ണാമലൈ വ്യക്തമാക്കി.
"തമിഴ്‌നാട്ടിലെ വലിയ പ്രശ്‌നങ്ങളിലൊന്നാണ് അഴിമതി. അത് കാരണം ജനങ്ങളിലേക്ക് എത്തേണ്ട പല പദ്ധതികളും എത്തുന്നില്ല. ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനവും, പണവും നല്‍കുന്ന തെറ്റായ നയത്തിലാണ് ഭരണാധികാരികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും" അണ്ണാമലൈ പറഞ്ഞു.
"എന്റെ തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിനെ അംഗീകരിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ സഖ്യകക്ഷിയിലെ പാര്‍ട്ടികളുടെ അതേ ഭാഷയില്‍ ഞാന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അഴിമതി രഹിത സംസ്ഥാനമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും" അണ്ണാമലൈ പറഞ്ഞു.
"ഇഡിയുടെ റെയ്ഡ് ഇന്നും ഒരു മന്ത്രിയുടെ വീട്ടില്‍ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എന്റെ സംസ്ഥാനത്ത് നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും" അണ്ണാമലൈ പറഞ്ഞു. വൈദ്യുത മന്ത്രി സെന്തില്‍ കുമാറിന്റെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡിനെ കുറിച്ചായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.
നേരത്തെ മുന്‍ മുഖ്യമന്ത്രി പളനിസ്വാമി അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പരാമര്‍ശമാണിതെന്നും അദ്ദേഹം പറഞ്ഞു. അണ്ണാഡിഎംകെ നേതൃത്വം ജയലളിതയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ്. ബിജെപി അണ്ണാമലൈക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സഖ്യം തുടരില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications