സ്വർണ വിലയിൽ 30,000 രൂപയുടെ ഇടിവിന് സാധ്യത? പവന് 78,000 രൂപയാകും? ഗ്രാം വില 10500 വരെയെന്ന്
ആഗോള വിപണിയിൽ സ്വർണവിലയിൽ തിങ്കളാഴ്ച നേരിയ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായെന്ന റിപ്പോർട്ടുകളാണ് സ്വർണത്തിന് അനുകൂലമായത്. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി തുടർച്ചയായി ഇടിവ് നേരിട്ട സ്വർണത്തിന് ഇത് താൽക്കാലിക ആശ്വാസം മാത്രമാണെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
അടുത്തിടെ വില ഇടിഞ്ഞതിന് ശേഷം ഒരിക്കൽ പോലും 4,300 ഡോളറിന് മുകളിലേക്ക് ഔണ്‍സ് വില എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ ഉയർച്ചയെ ശക്തമായ തിരിച്ചുവരവായി കണക്കാക്കാൻ സമയമായിട്ടില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

അതേസമയം 4300 ഡോളർ എന്ന പരിധി വീണ്ടും തൊട്ടാൽ സ്വർണം വലിയ രീതിയിൽ കുതിക്കാനുള്ള സാധ്യതയും വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാൽ 4100 ന് താഴേക്ക് വില പോയാൽ സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാകാനുള്ള സാധ്യത ശക്തമാകുമെന്നാണ് വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ചില വിശകലനങ്ങൾ പ്രകാരം സ്വർണം 3,440 ഡോളർ വരെയും താഴാൻ സാധ്യതയുണ്ട്.
യുഎസ് ഫെഡിൻ്റെ നിലപാടുകളാണ് സ്വർണ വിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്. പലിശനിരക്കിൽ മാറ്റമുണ്ടായില്ലെങ്കിലും വർഷാവസാനത്തിന് മുമ്പ് വീണ്ടും പലിശ ഉയർത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന സന്ദേശമാണ് ജൂണിൽ നടന്ന യോഗത്തിൽ ഫെഡ് നിലപാട് വ്യക്തമാക്കിയത്. പലിശനിരക്ക് ഉടൻ കുറച്ചേക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകൾ ഇതോടെ അസ്തമിച്ചു.
പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ സ്വർണം പോലുള്ള ആസ്തികളുടെ ആകർഷണം കുറയും. കാരണം സ്വർണം പലിശയോ സ്ഥിര വരുമാനമോ നൽകുന്ന നിക്ഷേപമല്ല. അതേസമയം ഉയർന്ന പലിശനിരക്കുകൾ ബോണ്ടുകൾക്കും മറ്റ് ധനകാര്യ ആസ്തികൾക്കും കൂടുതൽ ആകർഷണം നൽകും.
ഡോളറിന്റെ ശക്തിയും സ്വർണത്തിന് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ ഡോളർ ഒരു വർഷത്തിനിടയിലെ ഉയർന്ന നിലവാരങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ഡോളർ ശക്തമാകുമ്പോൾ സാധാരണയായി സ്വർണവില കുറയും.
ഈ ആഴ്ച പുറത്തുവരുന്ന അമേരിക്കൻ സാമ്പത്തിക കണക്കുകൾ തന്നെയായിരിക്കും സ്വർണ വിപണിയ്ക്ക് ഇനി നിർണായകം. ജൂൺ മാസത്തെ ബിസിനസ് പ്രവർത്തനങ്ങളുടെ കണക്കുകൾ, ഒന്നാം പാദ സാമ്പത്തിക വളർച്ചയുടെ പുതുക്കിയ റിപ്പോർട്ട്, ഉപഭോക്തൃ പണപ്പെരുപ്പ പ്രതീക്ഷകൾ സംബന്ധിച്ച സർവേ ഫലങ്ങൾ എന്നിവ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ യുഎസ്-ഇറാൻ ചർച്ചകളിൽ ഉണ്ടാകുന്ന പുതിയ സംഭവവികാസങ്ങളും സ്വർണവിലയെ സ്വാധീനിച്ചേക്കും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുമ്പോൾ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടാറുണ്ട്. എന്നാൽ യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ വർധിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ലഭിച്ചിരുന്ന അധിക പിന്തുണ കുറയുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഇതിനിടെ പ്രമുഖ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് ഈ വർഷാവസാനത്തെ സ്വർണവില പ്രവചനം താഴ്ത്തിയിട്ടുണ്ട്. നേരത്തെ 5,400 ഡോളറെന്നായിരുന്നു ബാങ്കിന്റെ വിലയിരുത്തൽ. ഇപ്പോൾ അത് 4,900 ഡോളറാക്കിയാണ് കുറച്ചിരിക്കുന്നത്. നിലവിലെ വിലയേക്കാൾ ഉയർന്ന ലക്ഷ്യമാണ് ഇപ്പോഴും ബാങ്ക് മുന്നോട്ടുവയ്ക്കുന്നതെങ്കിലും പ്രവചനത്തിൽ വന്ന മാറ്റം വിപണിയിലെ അനിശ്ചിതത്വത്തെ പ്രതിഫലിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
റോയിട്ടേഴ്സ് സർവേയിൽ പങ്കെടുത്ത അനലിസ്റ്റുമാരുടെ ശരാശരി പ്രവചനം 4,746 ഡോളറാണ്. അതേസമയം ചില ധനകാര്യ സ്ഥാപനങ്ങൾ ഇപ്പോഴും സ്വർണത്തിന് ദീർഘകാലത്തിൽ മികച്ച സാധ്യത കാണുന്നുണ്ട്. ഫെഡിന്റെ നിലപാടിൽ മാറ്റമുണ്ടാകുകയും നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയും ചെയ്താൽ വിലയിൽ വലിയ മുന്നേറ്റം ഉണ്ടാകാമെന്നാണ് അവരുടെ വിലയിരുത്തൽ.
കേരളത്തിൽ വില മൂക്കുകുത്തും
സംസ്ഥാനത്ത് നിലവിൽ ഒരു പവന് 1,08,520 രൂപയാണ് വില. എന്നാൽ സ്വർണം ഒരു ഔൺസിന് 3,440 ഡോളർ ആയാൽ കേരളത്തിൽ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ ഏകദേശ വില 76,000 മുതൽ 78,000 വരെ ആകാം (മേക്കിങ് ചാർജ്, ജിഎസ്ടി എന്നിവ ഒഴികെ).












Click it and Unblock the Notifications